അനന്യയ്ക്ക്  ആശുപത്രി ജീവനക്കാരിൽ നിന്ന് നേരിട്ടത് കൊടിയ മർദനം  ഗുരുതര വെളിപ്പെടുത്തലുമായി പിതാവ്

2020 ജൂണിലാണ് അനന്യ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിൽനിന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്
 | 
ananyakumari

കൊച്ചി: ട്രാൻസ്ജൻഡർ യുവതി അനന്യ കുമാരിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ റിനൈ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് അലക്‌സാണ്ടർ. ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവ് ആരോപിച്ച അനന്യയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചിരുന്നെന്ന് അലക്‌സാണ്ടർ പറഞ്ഞു. മെച്ചപ്പെട്ട ചികിത്സയല്ല അനന്യയ്ക്ക് ലഭ്യമായതെന്നും അദ്ദേഹം ആരോപിച്ചു.

2020 ജൂണിലാണ് അനന്യ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിൽനിന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ ഒരു വർഷമായി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന അനന്യയെ കൊച്ചിയിലെ ബുധനാഴ്ച വൈകീട്ട് ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനന്യയുടെ മരണത്തിന് ശേഷം ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് പിതാവിന്റെ വെളിപ്പെടുത്തൽ.

അനന്യയുടെ ചികിത്സയ്ക്ക് ആശുപത്രി അമിത പണം ഈടാക്കിയെന്നും അലക്‌സാണ്ടർ പറയുന്നു. ചികിത്സയ്ക്ക് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അനന്യ. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി ചികിത്സ ഡോക്ടർ തുറന്നുപറഞ്ഞിരുന്നെന്ന് അനന്യ ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി കടുത്ത ദുരിതമാണ് നേരിടുന്നതെന്നും അനന്യ പറഞ്ഞിരുന്നു.