ഗതാഗത സംവിധാനങ്ങളെല്ലാം ഇനി ഒരു കുടക്കീഴിൽ ; ഓപ്പണ്‍ മൊബിലിറ്റി നെറ്റ്വര്‍ക്കിലേക്ക് മാറാന്‍ ഒരുങ്ങി കേരളം

കൊച്ചി മെട്രോപൊളിറ്റന്‍ അതോറിറ്റിക്ക് കീഴിലാകും ഇത്. ടാക്സി ഡ്രൈവര്‍മാര്‍ക്കായി തയ്യാറാക്കിയ ‘യാത്രി’ ആപ്പിലൂടെയാകും തുടക്കം. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദന്‍ നിലേകനിയുടെ ബെക്കന്‍ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
 | 
traffic

കൊച്ചി: എല്ലാ ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന ഓപ്പണ്‍ മൊബിലിറ്റി നെറ്റ്വര്‍ക്കിലേക്ക് മാറാന്‍ ഒരുങ്ങി കേരളം. ഗതാഗതത്തിനായുള്ള ഏതെങ്കിലും ഒരു ആപ്പിലൂടെ മുഴുവന്‍ ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കുന്നതാണ് ഈ പദ്ധതി.

കൊച്ചിയിലാണ് ഇത് ആദ്യം നടപ്പാക്കുക. കൊച്ചി മെട്രോപൊളിറ്റന്‍ അതോറിറ്റിക്ക് കീഴിലാകും ഇത്. ടാക്സി ഡ്രൈവര്‍മാര്‍ക്കായി തയ്യാറാക്കിയ ‘യാത്രി’ ആപ്പിലൂടെയാകും തുടക്കം. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദന്‍ നിലേകനിയുടെ ബെക്കന്‍ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

 പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളും ഗതാഗത അനുബന്ധ സേവനദാതാക്കളും ഒരു നെറ്റ്വര്‍ക്കിന് കീഴില്‍വരും. ബെക്കന്‍ ഫൗണ്ടേഷനു പുറമേ, ഡബ്ല്യു.ആര്‍.ഐ. ഇന്ത്യ ജെസ്പേ ടെക്നോളജീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, എന്നിവയും കൊച്ചി മെട്രോപൊളിറ്റന്‍ അതോറിറ്റിക്കായി സൗജന്യ സേവനം നല്‍കും.

. യാത്രി ആപ്പ് അടുത്തയാഴ്ച ഗതാഗതമന്ത്രി ആന്റണി രാജു കൊച്ചിയില്‍ പുറത്തിറക്കും. ഇതിലേക്ക് കൊച്ചി മെട്രോയുടെ ആപ്പ്, ബസുകള്‍ക്കുള്ള ‘വണ്ടി’ ആപ്പ്, ഓട്ടോറിക്ഷക്കാര്‍ക്കായി തയ്യാറാവുന്ന ‘ഓസാ’ ആപ്പ്, എന്നിവ ഇന്റഗ്രേറ്റ് ചെയ്യും. ജലഗതാഗവകുപ്പിന്റെ ബോട്ടുകള്‍, കെ.എസ്.ആര്‍.ടി.സി., എന്നിയവയും ഈ നെറ്റ്വര്‍ക്കുമായി യോജിപ്പിക്കും.

ഗൂഗിള്‍ പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നയാള്‍ക്ക് പേ ടി.എം., ഫോണ്‍പേ തുടങ്ങിയ ഏത് ആപ്പിലേക്കും ഇടപാടുകള്‍ നടത്താമെന്നതുപോലെ ഗതാഗതത്തിനും ഒറ്റ ആപ്പ് മതി. ഉദാഹരണത്തിന് കൊച്ചി മെട്രോ റെയിലിന്റെ ആപ്പായ കൊച്ചി വണ്‍ ഉപയോഗിച്ച് കൊച്ചിയിലെ ടാക്സിയിലും ഓട്ടോറിക്ഷയിലും ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിലും യാത്ര ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്.