മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം എടുക്കേണ്ട ; ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് പുതിയ രീതി ഇതാ ..!

പ്രത്യേക ഉപ്പുലായിനി കവിള്‍ക്കൊള്ളുകയും അത് ഒരു ട്യൂബിലേക്ക് തുപ്പി ശേഖരിക്കുകയും ആണ് പുതിയ രീതി
 | 
RTPCR

ന്യൂഡല്‍ഹി: ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ലളിതമായ മാര്‍ഗം വരുന്നു. കോവിഡ് സ്ഥിരീകരിക്കാന്‍ മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും സ്രവം ശേഖരിച്ചുകൊണ്ടുള്ള പരിശോധനയാണ് ആര്‍.ടി.പി.സി.ആര്‍.

പ്രത്യേക ഉപ്പുലായിനി കവിള്‍ക്കൊള്ളുകയും അത് ഒരു ട്യൂബിലേക്ക് തുപ്പി ശേഖരിക്കുകയും ആണ് പുതിയ രീതി. ഈ സാംപിള്‍ പരിശോധനാ ലാബില്‍ അന്തരീക്ഷ താപനിലയില്‍ ഒരു പ്രത്യേക ലായിനിയില്‍ ഇറക്കിവെക്കും. പിന്നീട് ചൂടാക്കിയെടുത്താണ് ആര്‍.ടി-പി.സി.ആര്‍. പരിശോധന നടത്തുക. മൂന്നു മണിക്കൂറിനകം ഫലം അറിയാനാവുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജി വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കൃഷ്ണ ഖൈര്‍നാര്‍ പറയുന്നു.

കൂടാതെ സ്വയം സാംപിള്‍ ശേഖരിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. പ്രത്യേക വൈദഗ്ധ്യമുള്ള ലാബ് ടെക്നീഷ്യന്‍മാരാണ് ഇപ്പോള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള സ്രവം എടുക്കുന്നത്. വേണ്ടത്ര സ്രവം ലഭിക്കാതിരിക്കലും സ്രവം നഷ്ടപ്പെടലും അപൂര്‍വമായെങ്കിലും ഉണ്ടാകാറുമുണ്ട്.കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് കീഴിലുള്ള നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (നീരി) ആണ് പുതിയ മാര്‍ഗം വികസിപ്പിച്ചത്.