ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഡല്‍ഹി ജാമിഅ സർവകലാശാലയിൽ ഖബറടക്കും

ജാമിഅ മിലിയ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഡാനിഷ് ജാമിഅയിൽ നിന്നുതന്നെയാണ് മാധ്യമപഠനവും പൂര്‍ത്തിയാക്കിയത്.
 | 
danish

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ മേഖലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫോട്ടോഗ്രഫർ ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഡല്‍ഹി ജാമിഅ സർവകലാശാലയിൽ ഖബറടക്കും. 


കുടുംബത്തിന്റെ ആവശ്യം സർവകലാശാല അംഗീകരിക്കുകയായിരുന്നു. ഇന്നു വൈകീട്ട് ആറ് മണിയോടു കൂടി മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം


കഴിഞ്ഞ ദിവസം താലിബാൻ റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്‍റെ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് നടപടികൾ പൂർത്തിയാക്കിയാവും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക. ജാമിഅ മിലിയ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഡാനിഷ് ജാമിഅയിൽ നിന്നുതന്നെയാണ് മാധ്യമപഠനവും പൂര്‍ത്തിയാക്കിയത്.