വാക്സിനെടുത്തവർക്ക്  ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കും

രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ എതിര്‍ക്കുകയാണ് ഇന്ത്യ.
 | 
Flight

ന്യൂഡല്‍ഹി:  രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ  ആര്‍ടി പിസിആര്‍ പരിശോധനാഫലം ആഭ്യന്തര വിമാനയാത്രയ്ക്ക് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

യാത്രക്കാരുടെ താത്പര്യത്തിന് മുന്‍​ഗണന നല്‍കുമെന്നും ഈ വിഷയത്തിൽ ചര്‍ച്ചകള്‍ തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനമെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരോട് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ട്.

അതേസമയം രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ എതിര്‍ക്കുകയാണ് ഇന്ത്യ. ഈ നടപടി വിവേചനപരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ വ്യക്തമാക്കി. വികസ്വര രാജ്യങ്ങളില്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയം വിവേചനപരമാണെന്ന് ഇന്ത്യ അറിയിച്ചു.