പെഗാസസിൽ മുങ്ങി ഇന്ത്യ ; രാഹുല്‍, പ്രിയങ്ക, പ്രശാന്ത് കിഷോര്‍, സുപ്രധാന നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി

പ്രതിപക്ഷത്തെ നിര്‍ണ്ണായക സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളെ പെഗാസസ് പ്രത്യേകം ലക്ഷ്യം വെച്ചിരുന്നതായിട്ടാണ് വിവരം
 | 
rahul gandhi against modi

ന്യുഡൽഹി:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങളും പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പ്രതിപക്ഷത്തെ നിര്‍ണ്ണായക സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളെ പെഗാസസ് പ്രത്യേകം ലക്ഷ്യം വെച്ചിരുന്നതായിട്ടാണ് വിവരം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാക്കളുടെ നിരയില്‍ നിന്ന് കൂടുതല്‍ പേരുകള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

രണ്ട് പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാര്‍ഡിയന്‍’ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജി എന്നിവരും ഫോണ്‍ ചോര്‍ത്തലിന് വിധേയരായതായി കണ്ടെത്തിയിട്ടുണ്ട്. പ്രശാന്ത് കിഷോറിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് ഉപയോഗിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

പെഗാസസ് എന്ന ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു