ഹര്‍ജിക്കാരന് ഒരു ലക്ഷം പിഴ:സെന്‍ട്രല്‍ വിസ്ത നിർമ്മാണം തുടരാമെന്ന് ഡൽഹി ഹെെക്കോടതി

പദ്ധതി ദേശീയ പ്രധാന്യമുള്ള നിർമാണ പ്രവർത്തനമാണെന്നും 2021 നവംബർ 21ന് മുമ്പ് നിർമാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി
 | 
Central vista

ന്യൂഡൽഹിയിലെ സെൻട്രൽ വിസ്തയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഡൽഹി ഹെെക്കോടതി തളളി. നിർമ്മാണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ജസ്റ്റിസുമാരായ ഡി.എൻ പട്ടേൽ, ജ്യോതി സിം​ഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തളളിയത്.

പരാതിക്കാർ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹർജി ഫയൽ ചെയ്തതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നവർ താമസിക്കുന്നത് നിർമ്മാണം നടക്കുന്ന സ്ഥലത്തുതന്നെയാണ്. അതിനാൽ കോവിഡ് വ്യാപനം ഉണ്ടാകില്ല. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമില്ലെന്നും കോടതി പറഞ്ഞു. പദ്ധതി ദേശീയ പ്രധാന്യമുള്ള നിർമാണ പ്രവർത്തനമാണെന്നും 2021 നവംബർ 21ന് മുമ്പ് നിർമാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി, സെൻട്രൽ വിസ്ത പദ്ധതി താൽകാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി അന്യ മൽഹോത്ര, സൊഹൻ ഹാഷ്മി എന്നിവരാണ് ഹർജി സമർപ്പിച്ചത്.