ഓക്​സിജൻ ലഭിക്കാതെ രാജ്യത്ത്  വീണ്ടും കൂട്ടമരണം; ഹരിയാനയില്‍ അഞ്ചുപേര്‍ മരിച്ചു

 | 
ഓക്​സിജൻ ലഭിക്കാതെ രാജ്യത്ത് വീണ്ടും കൂട്ടമരണം; ഹരിയാനയില്‍ അഞ്ചുപേര്‍ മരിച്ചു
രണ്ടുദിവസത്തിനിടെ ഹരിയാനയിൽ ഓക്​സിജൻ ലഭിക്കാതെ മൂന്ന്​ കൂട്ടമരണ സംഭവങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്

രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ വീണ്ടും കൂട്ടമരണം. ഹരിയാന ഹിസാർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ അഞ്ചുപേരാണ്​ ചൊവ്വാഴ്ച രാവിലെ മരിച്ചത്​. ഓക്​സിജൻ ക്ഷാമമാണ്​ രോഗികളുടെ മരണത്തിന്​ ഇടയാക്കിയതെന്ന്​ ആരോപിച്ച്​ ആശുപത്രിക്ക്​ മുമ്പിൽ ബന്ധുക്കൾ പ്രതിഷേധവുമായെത്തി.

രണ്ടുദിവസത്തിനിടെ ഹരിയാനയിൽ ഓക്​സിജൻ ലഭിക്കാതെ മൂന്ന്​ കൂട്ടമരണ സംഭവങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​​. ഞായറാഴ്​​ച ഗുരുഗ്രാമിലെ ആശുപത്രിയിൽ നാലു കോവിഡ്​ രോഗികൾ മരിച്ചിരുന്നു. ​

തിങ്കളാഴ്​ച റെവാരിയിലെ ആശുപത്രിയിൽ നാലുപേരും ഓക്​സിജൻ ലഭിക്കാതെ മരിച്ചിരുന്നു. രണ്ടു ദുരന്തങ്ങളിലും ജില്ല ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യതലസ്​ഥാനത്ത്​ ഉൾപ്പെടെ നിരവധി പേരാണ്​ ഓക്​സിജൻ ലഭിക്കാതെ മരിക്കുന്നത്​. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ വെള്ളിയാഴ്ച 25 രോഗികൾ മരിച്ചിരുന്നു. ഓക്​സിജൻ ലഭിക്കാതെയായിരുന്നു മരണം.