പുതിയ അധ്യയന വര്‍ഷം ഒക്​ടോബര്‍ ഒന്നിന്:അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ ആഗസ്റ്റ്​ 31ന്​ മുമ്ബ്​ നടത്തണം

2020-21 വര്‍ഷത്തെ അവസാന സെമസ്റ്റര്‍/ വര്‍ഷ പരീക്ഷകള്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിര്‍ബന്ധമായും നടത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി
 | 
exam

ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് യൂനിവേഴ്​സിറ്റി ​ഗ്രാന്‍റ്​സ്​ കമ്മീഷന്‍റെ നിര്‍ദേശം. ഒക്​ടോബര്‍ ഒന്നിന്​ പുതിയ അധ്യയന വര്‍ഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാര്‍​​ഗ്​ഗനിര്‍ദേശങ്ങളില്‍ അറിയിച്ചിട്ടുള്ളത്.

2020-21 വര്‍ഷത്തെ അവസാന സെമസ്റ്റര്‍/ വര്‍ഷ പരീക്ഷകള്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിര്‍ബന്ധമായും നടത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഓ​ഫ്​ ലൈനായോ ഓണ്‍ലൈനായോ, ഓണ്‍ലൈനും ഓഫ് ലൈനുമായോ ആഗസ്റ്റ്​ 31ന്​ മുമ്ബ്​ നിര്‍ബന്ധമായും നടത്തണം. അതേസമയം, ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ പരീക്ഷകളുണ്ടായിരിക്കില്ല. വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​.

ഒന്നാംവര്‍ഷ ബിരുദ കോഴ്​സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്​ പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്​ടോബര്‍ 31 ആണ്. അടിസ്​ഥാന യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31വരെ സമര്‍പ്പിക്കാം. പ​ന്ത്രണ്ടാം ക്ലാസ്​ പരീക്ഷ ഫലം ജൂലൈ 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. ഫലപ്രഖ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ ഒക്​ടോബര്‍ 18ന്​ അധ്യയന വര്‍ഷം ആരംഭിക്കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് യു ജി സി സെക്രട്ടറി രജനീഷ്​ ജെയിന്‍ വൈസ്​ ചാന്‍സലര്‍മാര്‍ക്കും കോളജ്​ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തില്‍ പറയുന്നത്. ഓണ്‍ലൈനായോ ഓഫ്​ലൈനായോ രണ്ടും കൂടിയോ ക്ലാസ്​ ആരംഭിക്കാം. സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകളുടെ ഫലമടക്കം വന്നശേഷം മാത്രമേ ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.