അതില്‍ ഒരു സത്യവുമില്ല ..!  രാജിവെയ്ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.എസ്. യെദിയൂരപ്പ

മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് യെദിയൂരപ്പയുടെ രാജിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്.ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിക്കാര്യം സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
 | 
b.s yedyurappa

ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.എസ്. യെദിയൂരപ്പ. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് രാജിക്കാര്യത്തില്‍ പ്രതികരണവുമായി യെദിയൂരപ്പ രംഗത്തുവരുന്നത്.

‘ഇല്ല, ഇല്ല. ഇല്ല. അതില്‍ ഒരു സത്യവുമില്ല … അടുത്ത മാസം ആദ്യ ആഴ്ചയില്‍ ഞാന്‍ ദല്‍ഹിയിലേക്ക് വീണ്ടും വരും” യെദിയൂരപ്പ പ്രതികരിച്ചു.

മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് യെദിയൂരപ്പയുടെ രാജിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്.ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിക്കാര്യം സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

എന്നാല്‍ ഇതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദിയൂരപ്പ രാജിവെച്ചിട്ടില്ലെന്നും ബാക്കിയുള്ള രണ്ട് വര്‍ഷവും മുഖ്യമന്ത്രിയായി തുടരുമെന്നും യെദിയൂരപ്പയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

അതേസമയം, ബി.എസ്.യെദിയൂരപ്പയ്ക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നു തന്നെ ചരടുവലികള്‍ നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞദിവസം സംസ്ഥാന ബി.ജെ.പി. വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്ഥിരതയും സംസ്ഥാനത്തില്ലെന്നുമാണ് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി തലവന്‍ അരുണ്‍ സിംഗ് പറഞ്ഞത്.