ജീന്‍സും ടീ ഷര്‍ട്ടും വേണ്ട; സി.ബി.ഐ ഓഫീസില്‍ വസ്ത്രധാരണ ചട്ടം പുതുക്കി ഉത്തരവ്

സാരി, ചുരിദാര്‍, ഫോര്‍മല്‍ ഷര്‍ട്ട്, ഫോര്‍മല്‍ പാന്‍റ്‌സ് എന്നിവ സ്ത്രീകള്‍ക്ക് ധരിക്കാം
 | 
cbi

ന്യൂഡല്‍ഹി : സി.ബി.ഐ ഓഫീസുകളിലെ വസ്ത്രധാരണത്തില്‍ പുതിയ ഉത്തരവ് പുറത്തിറക്കി. പുതുക്കിയ ഉത്തരവ് പ്രകാരം ജീന്‍സ്, ടീ ഷര്‍ട്ട്, സ്‌പോര്‍ട്‌സ് ഷൂ എന്നിവ ധരിച്ച്‌ ഓഫീസില്‍ എത്താൻ പാടില്ല. സി.ബി.ഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ ആണ് ഫോര്‍മല്‍ ഡ്രസ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.

സാരി, ചുരിദാര്‍, ഫോര്‍മല്‍ ഷര്‍ട്ട്, ഫോര്‍മല്‍ പാന്‍റ്‌സ് എന്നിവ സ്ത്രീകള്‍ക്ക് ധരിക്കാം. ഷര്‍ട്ട്, ഫോര്‍മല്‍ പാന്‍റ്‌സ്, ഫോര്‍മല്‍ ഷൂസ് എന്നിവയാണ് പുരുഷന്മാര്‍ ധരിക്കേണ്ടത്. ജീന്‍സ്, ടീ ഷര്‍ട്ട്, സ്‌പോര്‍ട്‌സ് ഷൂ, ചെരുപ്പ്, കാഷ്വല്‍ വസ്ത്രധാരണം എന്നിവയൊന്നും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെമ്പാടുമുള്ള സി.ബി.ഐ ഓഫീസുകളില്‍ ഉത്തരവ് നടപ്പാക്കണമെന്ന് ബ്രാഞ്ച് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സി.ബി.ഐ മേധാവിയായി മെയ് 25ന് ജയ്‌സ്വാള്‍ ചുമതലയേറ്റതിന് പിന്നാലെയാണ് വസ്ത്രധാരണത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. മുന്‍ മഹാരാഷ്ട്ര പോലീസ് മേധാവിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌.