മലയാളവും ഇന്ത്യൻ ഭാഷയാണ്, ഈ വിവേചനം അവസാനിപ്പിക്കുക’; ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെതിരെ പ്രതിഷേധം ശക്തം 

കഴിഞ്ഞ ദിവസമാണ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് മലയാളം സംസാരിക്കരുതെന്ന് രാജ്ഘട്ട് ജവഹര്‍ലാല്‍ നെഹ്‌റു മാര്‍ഗിലെ ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.
 | 
leaders

ന്യൂഡല്‍ഹി: ജീവനക്കാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി സര്‍ക്കുര്‍ ഇറക്കിയ ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിക്കെതിരെ പ്രതിഷേധം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസമാണ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് മലയാളം സംസാരിക്കരുതെന്ന് രാജ്ഘട്ട് ജവഹര്‍ലാല്‍ നെഹ്‌റു മാര്‍ഗിലെ ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. നടപടിയില്‍ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്.

‘ഇന്ത്യയിലെ മറ്റേത് ഭാഷയും പോലെത്തന്നെയാണ് മലയാളവും. ഭാഷാപരമായ വിവേചനം അവസാനിപ്പിക്കുക’, എന്നാണ് സര്‍ക്കുലറുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത പങ്കുവെച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.


 

ജനാധിപത്യ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം അവരുടെ ജീവനക്കാരോട് മാതൃഭാഷ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇത് അംഗീകരിക്കാനാവാത്തതും അപക്വവും ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുന്നതുമാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു


 

വിചിത്രവും ഭരണഘടനാ വിരുദ്ധവുമായ ഈ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ധനോട് ആവശ്യപ്പെട്ടാണ് കെസി വേണുഗോപാലിന്റെ ട്വീറ്റ്.


നിരവധി മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്. ഇവര്‍ മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയില്ലാത്ത സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആശുപത്രി മലയാളത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജോലിസ്ഥലത്ത് ഹിന്ദിയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.