ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ അധികമായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാം: നിർദ്ദേശവുമായി കേന്ദ്രം 

ഒരാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതില്‍ കൂടുതലോ ആണെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം
 | 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ അധികമായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാം: നിർദ്ദേശവുമായി കേന്ദ്രം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന  പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഒരാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതില്‍ കൂടുതലോ ആണെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

ഒരു പ്രദേശത്തു ലോക്ക്ഡൗണ്‍ അല്ലെങ്കില്‍ ‘വലിയ കണ്ടെയ്ന്‍മെന്റ് സോണ്‍’ പ്രഖ്യാപിക്കുമ്പോള്‍, രോഗികളുടെ കണക്ക്, മറ്റു വിശകലനങ്ങള്‍, ഭൂമിശാസ്ത്രം, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യശേഷി, അതിര്‍ത്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കണം. കുറഞ്ഞത് 14 ദിവസത്തേക്കു നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

അവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെ രാത്രിയില്‍ എല്ലാം നിരോധിക്കണം. കര്‍ഫ്യൂ കാലാവധി പ്രാദേശിക ഭരണകൂടത്തിനു തീരുമാനിക്കാം. അവശ്യ സേവനങ്ങള്‍ മാത്രമേ പൊതുമേഖലയിലും സ്വകാര്യമേഖലയിലും അനുവദിക്കാവൂ. അവശ്യവസ്തുക്കളുടെ ഗതാഗതം ഉള്‍പ്പെടെയുള്ള അന്തര്‍-സംസ്ഥാന സര്‍വീസുകള്‍ക്കു നിയന്ത്രണങ്ങള്‍ പാടില്ല.