കോവിഷീല്‍ഡും കോവാക്സിനും രണ്ട് ഡോസ് നിര്‍ബന്ധം ;വാക്‌സിൻ നയത്തിൽ മാറ്റമില്ലെന്ന് കേന്ദ്രം 

വ്യത്യസ്ത കോവിഡ് വാക്സിനുകളുടെ ഡോസുകള്‍ തമ്മില്‍ കൂട്ടികലര്‍ത്തുകയില്ലെന്നും ഇത് സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു
 | 
vaccine

ന്യൂഡല്‍ഹി: കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനായി എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ തന്നെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച്‌ നിലവിലുള്ള മാനദണ്ഡങ്ങൾ തന്നെ പിന്തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.

കോവാക്സിന്‍, കോവിഷീല്‍ഡ്‌ വാക്സിനേഷന്‍ ഷെഡ്യൂളുകളില്‍ കേന്ദ്രം യാതൊരു മാറ്റവും വരുത്തിത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗവും കേന്ദ്രത്തിന് കീഴിലുള്ള കോവിഡ്-19 ടാസ്ക് ഫോഴ്സിലെ പ്രധാനാംഗവുമായ ഡോ. വി കെ പോള്‍ പറയുന്നു. എല്ലാവരും കേന്ദ്രത്തിന്റെ വാക്സിന്‍ ഷെഡ്യൂള്‍ തന്നെ പിന്തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യത്യസ്ത കോവിഡ് വാക്സിനുകളുടെ ഡോസുകള്‍ തമ്മില്‍ കൂട്ടികലര്‍ത്തുകയില്ലെന്നും ഇത് സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു. കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നല്‍കുകയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പുറകെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

അതേസമയം, വ്യത്യസ്ത കോവിഡ് വാക്സിനുകള്‍ ഒരേയാള്‍ക്ക് നല്‍കുന്നത് രോഗത്തിനെതിരെ കൂടുതല്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് കേന്ദ്രം നിയമിച്ച കോവിഡ് -19വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ അറിയിച്ചിട്ടുണ്ട്.