കഴക്കൂട്ടം സൈനിക് സ്‌കൂളിൽ 20 വിദ്യാർത്ഥികൾക്ക് കോവിഡ് ; ക്ലാസെടുത്തത്  പ്രത്യേക അനുമതിയോടെ

കേരളത്തിനകത്തും പുറത്തുമുള്ള 114 കുട്ടികളാണ് നിലവിൽ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ച്‌ ക്ലാസിൽ പങ്കെടുക്കുന്നത്

 | 
corona update kerala vaachaalam

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രത്യേക അനുമതിയോടെ ക്ലാസ് നടന്ന കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 20 വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപ് ഒരു അദ്ധ്യാപകൻ കൊറോണ പോസിറ്റീവായതിനെ തുടർന്നായിരുന്നു കുട്ടികളെ പരിശോധിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള 114 കുട്ടികളാണ് നിലവിൽ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ച്‌ ക്ലാസിൽ പങ്കെടുക്കുന്നത്. ഇതിൽ ആരും പുറത്ത് പോകുന്നില്ല.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രത്യേക അനുമതിയോടെയാണ് ഇവിടെ ക്ലാസുകൾ നടക്കുന്നത്. ഒരു മാസം മുൻപ് ഇവിടെ ക്ലാസുകൾ നടക്കുന്നതായി സോഷ്യൽ മീഡിയയിൽ വാർത്ത പരന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അനുമതിയും പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ക്ലാസിൽ പങ്കെടുക്കുന്നതെന്ന് സ്‌കൂൾ അധികൃതർ വാർത്താക്കുറിപ്പും ഇറക്കിയിയിരുന്നു.

വിദ്യാർത്ഥികളിലും അദ്ധ്യാപകനിലും കൊറോണ ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ജീവനക്കാരെയും കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കും. കൊറോണ ബാധിതരെ പ്രത്യേക ഹോസ്റ്റലിലേക്ക് മാറ്റി.