മധ്യപ്രദേശിൽ കുട്ടിയെ രക്ഷിക്കുന്നതിനിടെ 30 പേർ കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം തുടരുന്നു

കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ആളുകളുടെ ഭാരം കാരണം കിണർ ഇടിഞ്ഞുവീഴുകയായിരുന്നു.
 | 
WELL


വ്യാഴാഴ്ച മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ 30 ഓളം പേർ കിണറ്റിൽ വീണു. കിണറ്റിൽ വീണ ആൺകുട്ടിയെ രക്ഷപ്പെടുത്താൻ ഗ്രാമവാസികൾ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ആളുകളുടെ ഭാരം കാരണം കിണർ ഇടിഞ്ഞുവീഴുകയായിരുന്നു.ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗഞ്ച് ബസോദയിലാണ് സംഭവം.

20 പേരെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി 10 പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുകയാണ്. രക്ഷപ്പെടുത്തിയവർക്ക് നിസാര പരിക്കുകളുണ്ട്. അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനം തുടരുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ പറഞ്ഞു.

ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഇരകൾക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.