കേരളത്തിൽ നടന്നില്ലെങ്കിൽ പിന്നെ  കേന്ദ്രത്തിൽ ;  ഇ ശ്രീധരൻ കേന്ദ്രമന്ത്രിയാകും ? തീരുമാനം വൈകാതെ 

രണ്ട് ദിവസം നീളുന്ന ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നാണറിയുന്നത്
 | 
e sreedharan

ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ വലിയ പ്രതീക്ഷയായിരുന്നു 'മെട്രോമാൻ' എന്ന് സ്‌നേഹപൂർവ്വം വിളിച്ച് ബഹുമാനിച്ച ഇ.ശ്രീധരൻ. ഇ ശ്രീധരനിലൂടെ പാലക്കാട് അക്കൗണ്ട് തുറക്കാമെന്നു ബി ജെ പി സ്വപനം കണ്ടു . എന്നാൽ അത് നടന്നില്ല എന്ന് മാത്രമല്ല ബി ജെ പി കേരളത്തിൽ സംപൂജ്യരായി .

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞെങ്കിലും പാലക്കാട് മണ്ഡലത്തിൽ ഇ.ശ്രീധരൻ നടത്തിയ വലിയ മുന്നേറ്റവും ഒപ്പം തന്നെ  പൊതുജന സ്വീകാര്യതയും നേടി. ഇത് ബി ജെ പിയെ പുതിയൊരു തീരുമാനത്തിലേക്കാണ് ഇപ്പോൾ എത്തിക്കുന്നത് . ഇ ശ്രീധരനെ കേന്ദ്രമന്ത്രി പദത്തിലേക്ക് എത്തിക്കാനാണ് ബിജെപിയിൽ കരു നീക്കം നടത്തുന്നത് .  അദേഹത്തിന്റെ പൊതുജന സ്വീകാര്യത തന്നെയാണ്   ഇത്തരമൊരു തീരുമാനത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നത്. പ്രായം മാത്രമാണ് ഇപ്പോഴുള്ള പ്രതികൂല ഘടകം. ശ്രീധരനെ കൂടാതെ സുശീൽകുമാർ മോഡി, സർബാനന്ദ സോനോവാൾ, രാംമാധവ് തുടങ്ങിയവരാണ് കേന്ദ്രമന്ത്രിമാരുടെ പരിഗണനാ പട്ടികയിൽ ഉള്ളത്.

രണ്ട് ദിവസം നീളുന്ന ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നാണറിയുന്നത്. കേന്ദ്ര മന്ത്രിസഭയുടെ പുനസംഘടനയാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാകുന്നത്. കോവിഡ് രോഗവ്യാപനം ഫലപ്രദമായി പ്രതിരോധിക്കാൻ പറ്റാതെ പോയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം ഡൽഹിയിൽ നടക്കുന്നത്.

കൂടുതൽ യോഗ്യരായവരെയും ജനസമ്മതിയുള്ളവരെയും മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നിരുന്നു. തുടർന്നാണ് ഇ.ശ്രീധരന്റെയുൾപ്പെടെ പേരുകൾ പരിഗണിക്കുന്നത്. ഘടക കക്ഷികളിലെ ജെഡിയുവിന് കൂടി പ്രാധാന്യം നൽകി പത്ത് പേരെ ഉൾപ്പെടുത്തിയുള്ള പട്ടികയായിരിക്കും തയ്യാറാക്കുക. ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. തുടർന്ന് പുതിയതായി ആരൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്ന കാര്യത്തിൽ പ്രധാനമന്ത്രി തീരുമാനമെടുക്കും.