മലയാളം നഹി ..! നഴ്സുമാര്‍ മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി

ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷ നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
 | 
NURSERS
മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നു മലയാളി നഴ്‌സുമാര്‍ വ്യക്തമാക്കി
 ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് വിലക്ക്. ജി.ബി പന്ത് ആശുപത്രിയാണ് വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷ നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം ആശുപത്രിയില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവര്‍ ആശയ വിനിമയം നടത്തുന്നത് അവരുടെ പ്രാദശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറഞ്ഞു.

തൊഴില്‍ സമയത്ത് നഴ്സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയ നഴ്‌സിങ് സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നു മലയാളി നഴ്‌സുമാര്‍ വ്യക്തമാക്കി.

രണ്ടു വര്‍ഷമായി കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ ഇടാറുള്ളൂവെന്നും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരില്‍ ഇതുവരെ കോവിഡ് ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും കേരളത്തിന്‍ നിന്നുള്ള നഴ്‌സുമാര്‍ പറഞ്ഞു.