മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഡൊമിനിക്ക

ചോക്സി ആന്റിഗ്വയിൽനിന്നു ഡൊമിനിക്കയിലേക്കു കടന്നതല്ല, തട്ടിക്കൊണ്ടു പോയതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം
 | 
mehul choksi

വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഡൊമിനിക്കൻ സർക്കാർ അറിയിച്ചു. ഇന്ത്യയിലേക്ക് കൈമാറുന്നതിനെച്ചൊല്ലിയുള്ള വാദം കേൾക്കുന്ന ഡൊമിനിക്കൻ ഹൈക്കോടതിയിൽ സർക്കാർ പ്രോസിക്യൂട്ടർ തന്റെ നിലപാട് വ്യക്തമാക്കി .ചോക്സിയുടെ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. കേസിൽ ഇന്നും വാദം കേൾക്കും. .

ചോക്സി ആന്റിഗ്വയിൽനിന്നു ഡൊമിനിക്കയിലേക്കു കടന്നതല്ല, തട്ടിക്കൊണ്ടു പോയതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചോക്സി വിഡിയോ കോൾ വഴിയാണു ഇന്നലത്തെ കോടതി നടപടികളിൽ പങ്കെടുത്തത്. ചോക്സിയെ വിട്ടുകിട്ടുന്നതിനായി സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  (ഇഡി) ഉദ്യോഗസ്ഥർ ഡൊമിനിക്കയിലെത്തിയിട്ടുണ്ട്. ഡൊമിനിക്കയിൽനിന്നു നേരിട്ട് ഇന്ത്യയ്ക്കു കൈമാറണമെന്ന് ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആന്റിഗ്വ പൗരത്വം 2019ൽ തന്നെ റദ്ദാക്കിയതാണെന്നും ബ്രൗൺ പറഞ്ഞു.

എന്നാല്‍ കോടതിയില്‍ ഇപ്പോഴും വാദം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഡൊമിനിക്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ വാദം അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.