അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ട; മാർ​ഗനിർദ്ദേശം പുറത്തിറക്കി 

18 വയസിൽ താഴെയുള്ള കുട്ടികളിൽ കോവിഡ് ചികിത്സയ്ക്ക് റെംഡസിവിർ മരുന്ന് ഉപയോഗിക്കരുത് എന്നും നിർദ്ദേശമുണ്ട്.
 | 
child mask

രാജ്യത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ മാസ്ക്  ധരിക്കേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് നിർദേശം നൽകി. 

അഞ്ചിനും 11നും ഇടയിൽ പ്രായമുള്ളവർ മാതാപിതാക്ക​ളുടെയും ഡോക്​ടർമാരുടെയും നിർദേശ പ്രകാരം മാത്രം മാസ്​ക്​ ധരിക്കണം. 18 വയസിൽ താഴെയുള്ള കുട്ടികളിൽ കോവിഡ് ചികിത്സയ്ക്ക് റെംഡസിവിർ മരുന്ന് ഉപയോഗിക്കരുത് എന്നും നിർദ്ദേശമുണ്ട്.

ഹൈ റസലൂഷൻ സി.ടി സ്​കാനിങ് നിർബന്ധിത ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ. കോവിഡ്​ ചികിത്സയും പ്രതിരോധവും സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇടവിട്ട്​ പുതുക്കുന്ന ഡയറക്​ടറേറ്റ്​ മൂന്നു ദിവസം മുമ്പാണ്​ പുതിയവ പുറത്തിറക്കിയത്​.

അതേസമയം ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം കുറയുമ്പോൾ ആശങ്ക ഉയർത്തി മരണ നിരക്ക് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണിത്. ബിഹാർ പഴയ കണക്കുകൾ ഇന്നലെ പുറത്തു വിട്ടതാണ് മരണ നിരക്ക് കൂടാൻ ഇടയായത്. ഇതോടെ, കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.