'ഡൽഹി പ്രാണവായുവിനായി കേഴുന്നു ' ഇന്നലെ മാത്രം മരണം  348 ; രാജ്യ തലസ്ഥാനത്ത് സ്ഥിതി ഭയാനകം 

മിക്ക ആശുപത്രികളിലും സ്‌റ്റോക്ക് അവസാനിക്കാറായ സാഹചര്യമാണുളളത്.
 | 
'ഡൽഹി പ്രാണവായുവിനായി കേഴുന്നു ' ഇന്നലെ മാത്രം മരണം 348 ; രാജ്യ തലസ്ഥാനത്ത് സ്ഥിതി ഭയാനകം


ഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ശക്തമാവുന്നതിനിടെ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിൽ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ഇന്നലെ രാത്രി ഓക്‌സിജന്റെ കുറവു മൂലം ഇരുപതു രോഗികൾ മരിച്ചതായി ജയ്പുർ ഗോൾഡൻ ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയിൽ ഉണ്ടായ ദുരന്തത്തിനു ശേഷം അധികൃതർ ജാഗ്രത തുടരുന്നതിനിടെയാണ്, നടുക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇരുപതു പേർ മരിച്ചതായും ഇരുന്നൂറു പേരുടെ ജീവൻ അപകടത്തിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയിൽ ഇരുപത്തിയഞ്ചു പേരാണ് ഓക്‌സിജൻ കിട്ടാതെ മരിച്ചത്.

ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്ന ഡൽഹിയിൽ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച മാത്രം 348 പേർ മരിച്ചതായി റിപ്പോർട്ട്. 24,331 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 32 ശതമാനമാണ്. 92,000 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്-28,395.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത് ഡല്‍ഹിയില്‍ കടുത്ത ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. മിക്ക ആശുപത്രികളിലും സ്‌റ്റോക്ക് അവസാനിക്കാറായ സാഹചര്യമാണുളളത്. ഐസിയു കിടക്കകളും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും എത്തിക്കണമെന്ന സഹായ അഭ്യര്‍ഥനയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്