കുട്ടികളില്‍ കോവാക്സിന്‍ പരീക്ഷണം ആരംഭിച്ചു

നിലവില്‍ 18 വയസു മുതല്‍ പ്രായമുളളവര്‍ക്ക് രാജ്യത്ത് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.
 | 
vaccine
പട്‌ന: കോവാക്‌സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്‌നയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ നടക്കുന്നത്.

കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നല്‍കിയത് മെയ് പതിനൊന്നിനാണ്. രണ്ടു മുതല്‍ പതിനെട്ട് വയസുവരെ പ്രായമുളള കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയതായി നീതി ആയോഗ് അംഗം വി.കെ. പോള്‍ അറിയിച്ചിരുന്നു.

ഈ വര്‍ഷം ജനുരി 26-നാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ യജ്ഞത്തിന് ഇന്ത്യ തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. നിലവില്‍ 18 വയസു മുതല്‍ പ്രായമുളളവര്‍ക്ക് രാജ്യത്ത് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, റഷ്യയുടെ സ്പുട്‌നിക് എന്നീ വാക്‌സിനുകളാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. മറ്റ് പല കമ്പനികളുടെ വാക്‌സിനും വിതരണത്തിന് ഒരുങ്ങുന്നുണ്ട്.