സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി ; റിപ്പോര്‍ട്ട് തേടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും
 | 
high command

ന്യൂഡല്‍ഹി: സംസ്ഥാനത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തോല്‍വിയില്‍ റിപ്പോര്‍ട്ട് തേടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഒരാഴ്ചക്കുള്ളില്‍ കാരണം വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം. കെപിസിസി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സൂചന.

ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. അതേസമയം, കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന.

അതേസമയം ,കേരളത്തിലെ കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ്. ഒരു വ്യക്‌തിയെ ചൂണ്ടിയല്ല പറയുന്നതെന്നും താഴേ തട്ടുമുതൽ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികൾ ദുർബലമാണ്. ജനങ്ങൾക്ക്, കോൺഗ്രസ് പ്രവർത്തകർക്ക് ആത്‌മവിശ്വാസം പുനഃസ്‌ഥാപിക്കാൻ കഴിയുന്ന നേതൃത്വം കേരളത്തിലെ കോൺഗ്രസിനുണ്ടാകണം; ജോസഫ് പറഞ്ഞു.

സംസ്‌ഥാനത്തെ കോൺഗ്രസിനും യുഡിഎഫിനും അവിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ കെസി ജോസഫ് കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവകരമായി കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടു.