ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു ; ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; 15 മരണം; വീടുകള്‍ തകര്‍ന്നു

സംഭവത്തില്‍ റോഡുകളും നിരവധി വീടുകളും പൂര്‍ണ്ണമായി തകര്‍ന്നു
 | 
cloud burst


ഡെറാഡൂണ്‍: പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്ന ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തില്‍ 15 മരണം. മൂന്ന് പേരെ കാണാതായി. തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളില്‍ വൈകീട്ടോടെയാണ് മേഖ വിസ്ഫോടനം ഉണ്ടായത്. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണിത്.

സംഭവത്തില്‍ റോഡുകളും നിരവധി വീടുകളും പൂര്‍ണ്ണമായി തകര്‍ന്നു. മൂന്ന് മേഖലകളിലുമായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ പ്രദേശത്തെ സൈനിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 11 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവര്‍ മുഴുവനും ഉത്തരാഖണ്ഡ് സ്വദേശികളാണെന്ന് ചമോലി ദുരന്തനിവാരണ അതോറിറ്റി ഓഫീസര്‍ എന്‍.കെ ജോഷി അറിയിച്ചു.

അടുത്തിടെയായി ഉത്തരാഖണ്ഡില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഫെബ്രുവരിയില്‍ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തില്‍ നൂറിലധികം ആളുകളാണ് മരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ മാസവും ചമേലിയില്‍ മഞ്ഞുമല ഇടിഞ്ഞ് അപകടം ഉണ്ടായിരുന്നു.