സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

 | 
Exam
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍  വൈകുന്നേരം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ണായക തീരുമാനമെടുത്തത്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നേരത്തേ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവച്ച പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.

പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇന്നലെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. പ്ലസ്ടു പരീക്ഷ റദ്ദാക്കണം എന്ന ഹര്‍ജി പരിഗണിച്ച കോടതി എന്തുകൊണ്ട് പരീക്ഷ വേണ്ടെന്നു വച്ചുകൂടാ എന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പരാമര്‍ശിച്ചായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം.

കഴിഞ്ഞ വര്‍ഷത്തെ നയമല്ല സര്‍ക്കാര്‍ എടുക്കുന്നതെങ്കില്‍ കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും പരീക്ഷ നടത്താനാണ് തീരുമാനമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന ആലോചനകളിലും പരീക്ഷകള്‍ റദ്ദാക്കണമെന്ന അഭിപ്രായമാണുണ്ടായത്.