ദുരിതാശ്വാസ സാമഗ്രികള്‍ അടിച്ചുമാറ്റി;സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ കേസ്

ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ മുൻസിപ്പാലിറ്റി ഓഫീസിന്റെ ഗോഡൗണിൽ നിന്ന് അനധികൃതമായി കൊണ്ടുപോയെന്നാണ് പരാതി
 | 
suvedhu

ദുരിതാശ്വാസ സാമഗ്രികൾ അടിച്ചുമാറ്റിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും സഹോദരൻ സൗമേന്ദു അധികാരിക്കുമെതിരെ കേസ്.

കാന്തി മുനിസിപ്പൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം രത്‌നദീപ് മന്ന ജൂൺ ഒന്നിന് കാന്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

മേയ് 21-ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക്, സുവേന്ദു അധികാരിയുടെയും സൗമേന്ദു അധികാരിയുടെയും നിർദേശ പ്രകാരം ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ മുൻസിപ്പാലിറ്റി ഓഫീസിന്റെ ഗോഡൗണിൽ നിന്ന് അനധികൃതമായി കൊണ്ടുപോയെന്നാണ് രത്നദീപ് പരാതിയിൽ പറയുന്നത്. അതേസമയം വിഷയത്തിൽ സുവേന്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല.നേരത്തെ, ദുരിതാശ്വാസ സാമഗ്രികൾ തൃണമൂൽ കോൺഗ്രസ് വകമാറ്റുന്നുവെന്ന ആരോപണം ബി.ജെ.പി. തുടർച്ചയായി ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് സമാനമായ ആരോപണത്തിൽ സുവേന്ദുവിനും സഹോദരനും എതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സുവേന്ദു അധികാരിയുടെ അടുത്ത അനുയായി രഖാൽ ബേറ അറസ്റ്റിലായ അതേദിവസം തന്നെയാണ് മോഷണക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ജലവിഭവ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം തട്ടിയെടുത്തെന്നാണ് ബേറയ്ക്കെതിരെയുള്ള കേസ്.