പൊതുസ്ഥലങ്ങളിലെ മൃഗബലി; യുപി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

പശുവിനെയോ ഒട്ടകത്തെയോ മറ്റേതെങ്കിലും നിരോധിത മൃഗങ്ങളെയോ എവിടെയും ബലിയര്‍പ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മൃഗങ്ങളെ ബലിയര്‍പ്പിക്കാന്‍ നിയുക്ത സ്ഥലങ്ങളോ സ്വകാര്യ സ്ഥലങ്ങളോ മാത്രമേ ഉപയോഗിക്കാവൂവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
 | 
animal slaughter

ലഖ്‌നോ:  ബക്രീദിനു പൊതുസ്ഥലങ്ങളിലെ മൃഗബലി നടത്തുന്നതിനു യുപിസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.ബക്രീദ് ആഘോഷിക്കാന്‍ 50ലധികം പേര്‍ തിങ്കളാഴ്ച ഏതെങ്കിലും സ്ഥലത്ത് ഒത്തുകൂടുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച്‌  പശുവിനെയോ ഒട്ടകത്തെയോ മറ്റേതെങ്കിലും നിരോധിത മൃഗങ്ങളെയോ എവിടെയും ബലിയര്‍പ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മൃഗങ്ങളെ ബലിയര്‍പ്പിക്കാന്‍ നിയുക്ത സ്ഥലങ്ങളോ സ്വകാര്യ സ്ഥലങ്ങളോ മാത്രമേ ഉപയോഗിക്കാവൂവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്ന് കന്‍വര്‍ യാത്ര നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബക്രീദ് ആഘോഷങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.