റെയില്‍വെയ്ക്ക് 5ജി സ്പെക്ട്രം;സുരക്ഷ കൂടും, അതിവേഗ ആശയവിനിമയം

5ജി ലഭ്യമാകുന്നതോടെ റിയല്‍ ടൈം കമ്യൂണിക്കേഷന്‍ സാധ്യമാകുമെന്നു കേന്ദ്രമന്ത്രി പ്രകാശ്‌ ജാവ്‌ദേക്കര്‍ പറഞ്ഞു.
 | 
Railway

ന്യൂഡല്‍ഹി: റെയില്‍വേയ്‌ക്ക്‌ 5ജി സ്‌പെക്‌ട്രം അനുവദിക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിലൂടെ ആശയവിനിമയ സംവിധാനം മെച്ചപ്പെടാനും അപകടസാധ്യത കുറയ്‌ക്കാനും റെയില്‍വേയ്‌ക്ക്‌ സാധിക്കും. 

ഇതുവരെ 2 ജി സ്‌പക്‌ട്രമാണു റെയില്‍വേ ഉപയോഗപ്പെടുത്തിയിരുന്നത്‌. ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുഖേനയായിരുന്നു ആശയവിനിമയ സംവിധാനങ്ങള്‍. 5ജി ലഭ്യമാകുന്നതോടെ റിയല്‍ ടൈം കമ്യൂണിക്കേഷന്‍ സാധ്യമാകുമെന്നു കേന്ദ്രമന്ത്രി പ്രകാശ്‌ ജാവ്‌ദേക്കര്‍ പറഞ്ഞു. ട്രെയിന്‍ കൂട്ടിയിടി ഉള്‍പ്പെടെ അപകടങ്ങള്‍ കുറയ്‌ക്കാനാകുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവച്ചു. 25,000 കോടിയാണ്‌ ഇതിനായി ചെലവിടുന്നതെന്നും മന്ത്രി അറിയിച്ചു.

റെയില്‍വേയുടെ സിഗ്നലിങ്‌ സംവിധാനം പരിഷ്‌കരിച്ചുവരികയാണ്‌. കൂട്ടിയിടി തടയുന്നതിനു സംവിധാനമൊരുക്കി ഓട്ടോമാറ്റിക്‌ ട്രെയിന്‍ സംരക്ഷണം ശക്‌തിപ്പെടുത്തുന്നുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും ഇതിലൂടെ കഴിയും. അഞ്ചുവര്‍ഷംകൊണ്ട്‌ ഈ പദ്ധതികളെല്ലാം യാഥാര്‍ഥ്യമാക്കും.