ജാര്‍ഖണ്ഡില്‍ 16 കാരിയെ പീഡിപ്പിച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത്, കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. 
 | 
Rape

ജാര്‍ഖണ്ഡില്‍ 16 കാരിയെ ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തി, കണ്ണ് ചൂഴ്ന്നെടുത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പലാമു ജില്ലയിലെ ലാലിമതി വനത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ഇന്നലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തുണി ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയത്. പെണ്‍കുട്ടിയുടെ വലത് കണ്ണ് ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. പെൺകുട്ടിയെ ക്രൂരമായി മർദിച്ചതിന്‍റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി അതിന് ശേഷം ആത്മഹത്യയെന്ന് തോന്നിപ്പിക്കാനായി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ജൂണ്‍ 7 ന് രാവിലെ പത്തുമണിയോട് അടുത്താണ് പെണ്‍കുട്ടിയെ കാണാതായതെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഒരു ദിവസം വീട്ടുകാര്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതുകൊണ്ട് അടുത്ത ദിവസം പൊലീസിലും പരാതി നല്‍കി. ചൊവ്വാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചെന്ന് പങ്കി പൊലീസ് സ്റ്റേഷനിലെ എസ് ഐ അശോക് കുമാറും പറയുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ കാടിനുള്ളിലെ മരത്തില്‍ കെട്ടിത്തൂക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതെന്ന് അശോക് കുമാര്‍ അറിയിച്ചു.

മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. 23കാരനായ പ്രദീപ് കുമാര്‍ സിംഗ് ധനുക് ആണ് അറസ്റ്റിലായിട്ടുള്ളത്. ഇയാള്‍ വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു.