ആര്‍ത്തവത്തിന് 5 ദിവസം മുമ്പോ ശേഷമോ വാക്‌സിനെടുക്കരുത് !! പ്രതിരോധ ശേഷി കുറയും?പ്രചരണത്തിന്റെ സത്യമെന്ത് ?
 

 | 
ആര്‍ത്തവത്തിന് 5 ദിവസം മുമ്പോ ശേഷമോ വാക്‌സിനെടുക്കരുത് !! പ്രതിരോധ ശേഷി കുറയും?പ്രചരണത്തിന്റെ സത്യമെന്ത് ?

കോവിഡ് വ്യാപനം രൂക്ഷമായതോടെ  ഏതുതരത്തിലും വാക്‌സിൻ എടുക്കാനുള്ള തിരക്കിലാണ് ജനങ്ങൾ .വാക്‌സിൻ സംബന്ധിച്ച നിരവധി വ്യാജ സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് . അടുത്തിടെയായി പിരീഡ്‌സിന്‌ അഞ്ച്‌ ദിവസം മുൻപോ ശേഷമോ കോവിഡ്‌ വാക്‌സിനേഷൻ എടുക്കരുതെന്ന്‌ പുതിയ 'വാട്ട്‌സ്ആപ്പ്  സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്

മെയ് ഒന്ന് മുതൽ പതിനെട്ട് വയസിന് മുകളിലുള്ളവർ വാക്‌സിൻ സ്വീകരിക്കണം. വാക്‌സിൻ എടുക്കുന്നതിന് മുമ്പ് ആർത്തവ തിയ്യതി പരിശോധിക്കണം. ആർത്തവത്തിന്റെ അഞ്ച് ദിവസത്തിന് ശേഷമോ മുൻപോ വാക്‌സിൻ സ്വീകരിക്കരുത്. ആവർത്തവകാലത്ത് നമ്മുടെ പ്രതിരോധ ശേഷി വളരെ കുറവായിരിക്കും. വാക്‌സിൻ ആദ്യം നമ്മുടെ പ്രതിരോധ ശേഷി കുറക്കുകയും പിന്നീട് ഉയർത്തുകയുമാണ് ചെയ്യുന്നത്. അതിനാൽ ആർത്തവ സമയത്ത് വാക്‌സിൻ എടുക്കുന്നത് വലിയ അപകടം വിളിച്ച് വരുത്തും.’ എന്നാണ് സോഷ്യൽ മീഡിയ പ്രചാരണം.  ഇതിൽ എന്തെങ്കിലും കഴമ്പുണ്ടോ ?  പരിശോധിക്കാം 

എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും ആര്‍ത്തവ തീയ്യതിയും വാക്‌സിനേഷനും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്. 

ഡോ- ഷിംന അസീസ് പറയുന്നതിങ്ങനെ 

പിരീഡ്‌സിന്‌ അഞ്ച്‌ ദിവസം മുൻപോ ശേഷമോ കോവിഡ്‌ വാക്‌സിനേഷൻ എടുക്കരുതെന്ന്‌ പുതിയ 'വാട്ട്‌സ്ആപ്പ് സർവ്വകലാശാല പഠനങ്ങൾ' സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളിൽ സ്‌ത്രീകൾക്ക്‌ പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട്‌ വയസ്സ്‌ മുതൽ 45 വയസ്സ്‌ വരെയുള്ളവരെക്കൂടി മെയ്‌ ഒന്ന്‌ മുതൽ വാക്‌സിനേഷൻ ഗുണഭോക്‌താക്കളായി സർക്കാർ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ ഈ ഐറ്റം റിലീസായിരിക്കുന്നത്‌.

അപ്പോൾ ഇത്‌ സത്യമല്ലേ?

സത്യമല്ല.

ഒന്നോർത്ത്‌ നോക്കൂ, ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ ലഭിച്ചത്‌ ആരോഗ്യപ്രവർത്തകർക്കാണ്‌. അവരിൽ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീർച്ചയായും ആർത്തവമുള്ള സ്‌ത്രീകളും അവരിൽ ഉൾപ്പെടുന്നു. ആർത്തവം കൊണ്ട്‌ പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിൽ അന്ന്‌ വാക്‌സിനേഷൻ കൊണ്ട്‌ ഏറ്റവും വലിയ രീതിയിൽ ജീവന്‌ ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവർത്തകകൾ ആണ്‌, തൊട്ട്‌ പിറകേ വാക്‌സിനേഷൻ ലഭിച്ച മുൻനിരപോരാളികളാണ്‌.

രോഗാണുവുമായി നേരിട്ടുള്ള സമ്പർക്കം അത്ര മേൽ വരാത്ത സാധാരണക്കാരെ മാസത്തിൽ ചുരുങ്ങിയത്‌ പതിനഞ്ച്‌ ദിവസം വാക്‌സിനേഷനിൽ നിന്ന്‌ അകറ്റി നിർത്തുകയെന്നത്‌ മാത്രമാണ്‌ ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.

കിംവദന്തികളിൽ വഞ്ചിതരാകാതിരിക്കുക. വാക്‌സിനേഷനും നിങ്ങളുടെ ആർത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ്‌ വാക്‌സിൻ സ്വീകരിക്കുക, മാസ്‌ക്‌ കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ കൂടെക്കൂടെ വൃത്തിയാക്കുക.

അടിസ്‌ഥാനമില്ലാത്ത സോഷ്യൽ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുക.