'കങ്കണ റണൗട്ടുമാർ അക്രമത്തിന് അലറിവിളിക്കുമ്പോഴാണ് , കലാകാരന്മാരുടെ ദൗത്യം എന്താണെന്ന് പൃഥിരാജ് തെളിയിക്കുന്നത്' 

കലാകാരന്മാർ വായ് തുറക്കുന്നത് തിരക്കഥയിൽ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങൾ പറയാൻ മാത്രമാകരുത്
 | 
PRITHVI

ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയനന്ദനൻ.കലാകാരന്മാർ വായ് തുറക്കുന്നത് തിരക്കഥയിൽ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങൾ പറയാൻ മാത്രമാകരുത് എന്നും, എങ്കിൽ മാത്രമേ അവരുടെ പൗരജീവിതം അർത്ഥപൂർണ്ണമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയനന്ദനന്റെ വാക്കുകൾ ഇങ്ങനെ 

ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന ജനാവകാശലംഘനത്തെ ക്കുറിച്ച് പൃഥിരാജ് എഴുതിയ കുറിപ്പ് വിവാദമായിരിക്കുകയാണല്ലോ. കേരളവുമായി അഭേദ്യബന്ധം പുലർത്തുന്ന ദ്വീപ് നിവാസികളുടെ സ്വച്ഛജീവിതത്തിന് മേൽ വന്ന് വീണ ദുരിതങ്ങളിലേയ്ക്ക് വലിയ വെളിച്ചം വീശാൻ പൃഥിരാജിൻ്റെ കുറിപ്പിന് കഴിഞ്ഞു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെ പിന്തുണ ഏതാണ്ട് ഒരു ലക്ഷം മാത്രം വരുന്ന ദ്വീപ് നിവാസികൾക്ക് ലഭിക്കാനും അവിടുത്തെ പ്രശ്നങ്ങളെ സജീവ ചർച്ചാവിഷയമാക്കാനും പൃഥിരാജിന് സാധിച്ചു. നാളെ കേരള നിയമസഭ ലക്ഷദ്വീപിലെ ജനങ്ങൾക്കനുകൂലമായി പ്രമേയം പാസ്സാക്കുമെന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്കലാകാരർ സമൂഹത്തിൽ നിന്ന് വേർപെട്ട് ജീവിക്കുന്ന അക്വേറിയം ജീവികളല്ല. സിനിമ ഉണ്ടാകുന്നതും പ്രദർശിപ്പിക്കുന്നതും ജനങ്ങൾക്കിടയിലാണ്. അതിനാൽ നടന്റെ ജീവിതം തിരശ്ശീലയിൽ മാത്രമല്ല. അതിന് പുറത്ത് ഒരു പൗരജീവിതം കൂടി അവർക്കുണ്ട്. ഓരോ ജനകീയ സ്പന്ദനങ്ങളും അവരിലൂടെയും കടന്നു പോകുന്നുണ്ട്. കലാകാരർ വായ് തുറക്കുന്നത് തിരക്കഥയിൽ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങൾ പറയാൻ മാത്രമാകരുത്. എങ്കിൽ മാത്രമേ അവരുടെ പൗരജീവിതം അർത്ഥപൂർണ്ണമാകൂ.ആ കൃത്യമാണ് പൃഥിരാജ് അനുഷ്ഠിച്ചത്. തികഞ്ഞ ധൈര്യത്തോടെയും ആത്മാർത്ഥതയോടെയും തൻ്റെ മനസ്സ് വെളിപ്പെടുത്തിയ പൃഥിരാജിന്റെ വിവേകത്തിനെ ചേർത്ത് പിടിച്ച് ഒരു സിനിമാ സലാം. കങ്കണ റണൗട്ടുമാർ അക്രമത്തിന് അലറിവിളിക്കുമ്പോഴാണ് അന്യൻ്റെ വേദന ഏറ്റെടുക്കുന്നതാണ് കലാകാരരുടെ ദൗത്യം എന്ന് പൃഥിരാജ് ഉറപ്പിച്ച് തെളിയിക്കുന്നത്. ദുഷ്ടശക്തികൾ കുരയ്ക്കുമ്പോഴും വിവേകം നിർഭയമായി സഞ്ചരിക്കട്ടെ.