ഇളയ ദളപതിയോടൊപ്പം തമിഴിൽ തിളങ്ങാൻ ഷൈൻ ടോം ചാക്കോ 

 | 
shain tom

വിജയ്‌യുടെ പുതിയ ചിത്രത്തില്‍ മലയാളി നടന്‍ ഷൈന്‍ ടോം ചാക്കോയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിജയ്‌യുടെ 65ാം ചിത്രത്തിലാണ് ഷൈന്‍ പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നടനെ പുതിയ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെയോ നടന്റെയോ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഇതുവരെ ഇക്കാര്യം വന്നിട്ടില്ല.

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാറാണ്. നയന്‍താര നായികയായ കൊലമാവ് കോകിലയുടെ സംവിധായകനാണ് നെല്‍സണ്‍.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളി നടി അപര്‍ണ ദാസും അഭിനയിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്.

ദളപതി 65 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നായാണ് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍.കമ്മട്ടിപ്പാടം, ഇതിഹാസ, അന്നയും റസൂലും, ഇഷ്ക്ക്, ലവ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ച വെച്ച ഷൈനിന്‍റെ ആദ്യ തമിഴ് ചിത്രമാണിത്. കുറുപ്പ്, ജിന്ന് തുടങ്ങിയ ചിത്രങ്ങളാണ് ഷൈനിന്‍റെതായി പുറത്തിറങ്ങാനുള്ള പ്രധാന മലയാള ചിത്രങ്ങള്‍.