കോവിഡ് വ്യാപനം  ;  സീരിയല്‍, സിനിമ  ഷൂട്ടിങ്ങുകൾക്ക് വീണ്ടും പാക്കപ്പ് 

 | 
കോവിഡ് വ്യാപനം ; സീരിയല്‍, സിനിമ ഷൂട്ടിങ്ങുകൾക്ക് വീണ്ടും പാക്കപ്പ്

സംസ്ഥാനത്ത് ടിവി സീരിയൽ ഷൂട്ടിങ് തൽക്കാലം നിർത്തി വയ്ക്കും. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സാമൂഹിക അകലം പാലിച്ച് നടത്താന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുകയായിരിക്കും ഉചിതം. ഇക്കാരണംകൊണ്ടുതന്നെ സീരിയല്‍, സിനിമ, ഡോക്കുമെന്‍ററി എന്നിവയുടെ ഔട്ട് ഡോര്‍, ഇന്‍ഡോര്‍ ചിത്രീകരണങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അവയുടെ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.


പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്കുകള്‍ ധരിക്കണം. സാധിക്കുമെങ്കില്‍ കൈയ്യുറയും ഉപയോഗിക്കണം.

വീട്ടുസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് കച്ചവടക്കാര്‍ മുന്തിയ പരിഗണന നല്‍കണം. ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്സ്ആപ്പിലോ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ബോയ്സിനെ നിയോഗിക്കുന്നത് നന്നായിരിക്കും. മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകരമാകും. ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.