വോഗ് ഫാഷന്‍ മാഗസിന്‍ കവർ ​ഗേളായി മലാല യൂസഫ്‌സായ്

പത്ത് വർഷമായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുകയാണ് മലാല യൂസഫ്‌സായ്
 | 
malala

വോഗ് ഫാഷൻ മാഗസിന്റെ ബ്രിട്ടീഷ് എഡിഷനിൽ കവർ ഗേളായി ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസഫ്‌സായ്. മലാലയുടെ മൂന്ന് മനോഹരമായ ചിത്രങ്ങളാണ് മാഗസീനിലുള്ളത്. വെള്ള നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള വസ്ത്രങ്ങളിൽ മലാല ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടു.

ദീർഘ വീക്ഷണം ഉള്ളൊരു പെൺകുട്ടി ഹൃദയത്തിൽ കരുതുന്ന ശക്തി തനിക്ക് അറിയാം. ഈ കവർ ഫോട്ടോ കാണുന്ന എല്ലാ പെൺകുട്ടികളും ഈ ലോകത്തെ മാറ്റി മറിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് മനസിലാക്കണമെന്ന് മലാല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മലാലയുമായുള്ള അഭിമുഖവും മാഗസിനിലുണ്ട്. ബ്രിട്ടനിൽ എത്തിയ താൻ എന്തിലും സന്തോഷം കണ്ടെത്തിയിരുന്നുവെന്നും മക്‌ഡോണാൾഡ്‌സിൽ പോകുന്നതും പോക്കർ കളിക്കുന്നത് പോലും സന്തോഷം ഉളവാക്കിയിരുന്നുവെന്നും മലാല പറയുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ചും പാകിസ്താനിലെ ജീവിതത്തിനെ കുറിച്ചും അവർ സംസാരിക്കുന്നുണ്ട്.

പത്ത് വർഷമായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുകയാണ് മലാല യൂസഫ്‌സായ്. ഓക്‌സഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട് ഈ ആക്ടിവിസ്റ്റ്. നൊബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 23കാരി. 17ാം വയസിലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.