പ്രേമം ഇനി  വീണ്ടും കാണേണ്ടിവരും; ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഥയില്‍  വമ്പന്‍ ട്വിസ്റ്റുകളുമായി അല്‍ഫോണ്‍സ് പുത്രന്‍

 | 
prmam

മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു പ്രേമം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായെത്തിയത് നിവിൻ പോളിയായിരുന്നു. സായ് പല്ലവി, മഡോണ സെബാസ്റ്റിയൻ, അനുപമ പരമേശ്വരൻ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, സിജു വിത്സൺ രൺജി പണിക്കർ തുടങ്ങി വൻതാരനിരയാണ് അണിനിരന്നത്. ചിത്രത്തിലെ രംഗങ്ങളെല്ലാം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. ജോർജിന്റേയും മലർമിസ്സിന്റേയും പ്രണയത്തെക്കുറിച്ചുള്ള ചർച്ച കഴിഞ്ഞ ദിവസവും നടന്നിരുന്നു.

ആരാധകന്റെ ചോദ്യവും അതിന് സംവിധായകൻ നൽകിയ മറുപടിയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.    കേരളത്തിന് പുറമേ ദക്ഷിണേന്ത്യയിലെമ്പാടും തരംഗമുണ്ടാക്കിയ ചിത്രമാണ് പ്രേമം. നാല് കോടി മുതൽമുടക്കിൽ നിർമ്മിച്ച പ്രേമം 60 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ കളക്ട് ചെയ്തത്. ക്യാംപസും പ്രണയവും കഥപറച്ചിലിലെ സ്റ്റൈലിഷ് ഗ്രാമറുമെല്ലാം പലർക്കിടയിലും ചിത്രത്തെ ഒരു ‘കൾട്ട്’ ആക്കി മാറ്റി.

ചിത്രത്തിന്റെ കഥയേച്ചൊല്ലിയും ക്ലൈമാക്‌സിനെ ചൊല്ലിയും ചർച്ചകളുണ്ടായിരുന്നു. സായ് പല്ലവിയുടെ മലർ മിസ് നിവിൻ പോളിയുടെ ജോർജിനെ നാടകം കളിച്ച് പറ്റിച്ചതാണെന്നും അതല്ല ഓർമ്മ പോയ കാമുകിയെ ഉപേക്ഷിക്കുന്നതിന് പകരം ജോർജ് തുടർശ്രമങ്ങൾ നടത്തണമായിരുന്നെന്നും വായനകളുണ്ട്. ഇതിനിടെ കഥയിൽ ഭൂരിഭാഗം പ്രേക്ഷകർക്കും അറിയാതിരുന്ന രണ്ട് ട്വിസ്റ്റുകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ക്ലൈമാക്‌സിനെ കൂടുതൽ ഡ്രമാറ്റിക്കും അൺഹാപ്പി എൻഡിങ്ങുമാക്കുന്നതാണ് ഒരു ട്വിസ്റ്റ്

ക്ലൈമാക്‌സില്‍ ജോര്‍ജിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മലര്‍ എത്തുന്നുണ്ട്. ഓര്‍മ്മയില്ലെങ്കിലും ഒരു മര്യാദയുടെ പുറത്തുള്ള വരവാണ് അതെന്നും ജോര്‍ജിനേക്കുറിച്ച് ഓര്‍മ്മ തിരിച്ചുകിട്ടിയ ശേഷമുള്ള വരവാണെന്നും ഇതിനേക്കുറിച്ച് അഭിപ്രായങ്ങളുണ്ടായിരുന്നു. പ്രേക്ഷകരുമായുള്ള ഓപ്പണ്‍ ഫേസ്ബുക്ക് ചാറ്റിനിടെ സ്റ്റീഫന്‍ മാത്യു എന്ന യൂസര്‍ മലരിന് ശരിക്കും ഓര്‍മ്മ പോയോ? തിരിച്ചുകിട്ടിയോ? എന്ന് ചോദിച്ചപ്പോള്‍ സംവിധായകന്‍ പറയുന്നതിങ്ങനെ.

“മലരിന് ഓര്‍മ്മ നഷ്ടമായി. അത് തിരിച്ചുകിട്ടിയപ്പോള്‍ അവള്‍ അറിവഴകനുമായി സംസാരിച്ചിരിക്കാം. അവള്‍ എത്തുമ്പോള്‍ ജോര്‍ജ് സെലിനൊപ്പം സന്തുഷ്ടനാണെന്ന് കാണുന്നു. പക്ഷെ മലരിന്റെ ‘സൂപ്പര്‍’ എന്ന ആംഗ്യത്തിലൂടെ ജോര്‍ജിന് മനസിലാകുന്നുണ്ട്, മലരിന് ഓര്‍മ്മ തിരിച്ചുകിട്ടിയെന്ന കാര്യം. ഇത് സംഭാഷണങ്ങളിലൂടെയല്ല പറഞ്ഞിരിക്കുന്നത്. ഞാനത് ആക്ഷനുകളിലൂടേയും വയലിന് പകരം ഹാര്‍മോണിക്ക ഉപയോഗിച്ചുള്ള സംഗീതത്തിലൂടെയുമാണ് കാണിച്ചത്. താങ്കളുടെ ചോദ്യങ്ങളിലെ അവസാനത്തേതില്‍ ഉത്തരമുണ്ട്. മലരിന് ‘ഈയിടെ’ ഓര്‍മ്മ തിരിച്ചുകിട്ടിയിരുന്നു.”

സിനിമയുടെ തുടക്കത്തില്‍ ജോര്‍ജ് പ്രണയിക്കുന്ന മേരിയും ഒടുവില്‍ കല്യാണം കഴിക്കുന്ന സെലിനും തമ്മില്‍ ബന്ധമില്ലെന്നും സംവിധായകന്‍ പറഞ്ഞു. ഇരുവരും സഹോദരിമാണെന്ന് പ്രേക്ഷകര്‍ കരുതിയിരിക്കെയാണ് അല്‍ഫോണ്‍സിന്റെ പ്രതികരണം.

‘മേരിയുടെ സഹോദരിയല്ല സെലിന്‍. ‘ചേച്ചി’യുടെ ഇംഗ്ലീഷ് കിട്ടാത്തതുകൊണ്ട് സബ് ടൈറ്റില്‍ ചെയ്തപ്പോള്‍ ചുറ്റിപ്പോയതാണ്. ‘മേരി സിസ്റ്റര്‍’ എന്നൊക്കെയാണ് സബ്‌ടൈറ്റിലില്‍. മേരിയുടെ സഹോദരിയാണെങ്കില്‍ സെലിന്‍ മേരിയുടെ വീട്ടില്‍ ഇരിക്കുന്നത് ഞാന്‍ പിക്ചറൈസ് ചെയ്യില്ലാരുന്നോ?’ റിലീസ് ചെയ്ത് 7 വർഷം പിന്നിട്ടിട്ടും പ്രേമവും ജോർജിന്റേയും മലർ മിസ്സിന്റേയുമെല്ലാം പ്രണയം വീണ്ടും ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.