ബിഗ്‌സ്‌ക്രീനിൽ വിസ്‌മയം തീർക്കാൻ ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടും

അടുത്ത വര്‍ഷമായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക
 | 
ബിഗ്‌സ്‌ക്രീനിൽ വിസ്‌മയം തീർക്കാൻ ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടും

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘കർണ’ന് ശേഷം ബിഗ്‌സ്‌ക്രീനിൽ വിസ്‌മയം തീർക്കാൻ ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. ധനുഷ് തന്നെയാണ് കർണന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്നതായി അറിയിച്ചത്.

അടുത്ത വര്‍ഷമായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക-നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് മാരി സെല്‍വരാജ്. ധനുഷിനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ‘കര്‍ണനും’ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നിലവിൽ തമിഴ് നാട്ടിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം തമിഴകത്തെ സൂപ്പർ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കർണ്ണൻ.ധനുഷ് തന്റെ ട്വിറ്റർ പേജിലൂടെയാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നും ധനുഷ് പറഞ്ഞു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലും ധനുഷാണ് നായകൻ. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജെയ്ംസ് കോസ്മോ, കലിയരസൻ, ജോജു ജോർജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.