ബ്ലൂ ഫിലിം നിർമാണവും ,പ്രചാരണവും ,നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്
 | 
shilpa shetty

അശ്ലീല സിനിമകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍  വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു രാജ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്. ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇതുസംബന്ധിച്ച കേസെടുത്തത്. കേസിന് ആസ്പദമായ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് രാജ് കുന്ദ്രയെന്നും പൊലീസിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുന്ദ്രയുടെ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ഉമേഷ് കാമത്ത് എന്നാണ് നേരത്തെ പ്രോപ്പര്‍ട്ടി സെല്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 6 ന് അറസ്റ്റിലായ മോഡലും നടിയുമായ ഗെഹാന വസിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നവി മുംബൈയിലെ വാസി സ്വദേശിയായ ഉമേഷ് കാമത്തിലേക്ക് പൊലീസ് എത്തുന്നത്.

യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന വ്യക്തിയാണ് കാമത്ത്. ഇയാള്‍ ഗെഹാന വസിത്തില്‍ നിന്നും അശ്ലീല വീഡിയോകള്‍ സ്വന്തമാക്കുകയും അവ യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് കൈമാറി പിന്നീട് അവ ‘ഹോട്ട്‌ഷോട്ട്സ്’ എന്ന അപ്ലിക്കേഷനില്‍ അപ്ലോഡുചെയ്യുകയുമാണ് ചെയ്തിരുന്നത് എന്നും പൊലീസ് വ്യക്തമാക്കുന്നു.

വെബ് സീരീസിലേക്ക് റോളുകള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ യുവതികളെയും പുരുഷന്മാരെയും ആകര്‍ഷിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അവസരം തേടിയെത്തുന്നവരെ അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.