നിങ്ങളുടെ ഹെൽമെറ്റിൽ ഐഎസ്ഐ മുദ്രയുണ്ടോ ? ഇല്ലെങ്കിൽ  പണി പിന്നാലെ വരുന്നുണ്ട് 

നിയമലംഘനം നടത്തുന്നവര്‍ തടവു ശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ നല്‍കാനും ബാധ്യസ്ഥരാകും
 | 
helmet

ഐഎസ്‌ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും നിരോധിച്ച്‌ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. നിയമലംഘനം നടത്തുന്നവര്‍ തടവു ശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ നല്‍കാനും ബാധ്യസ്ഥരാകും. ജൂണ്‍ ഒന്നു മുതലാണ് പുതിയ നിയമം നടപ്പിലാക്കിയത്. നവംബര്‍ 2018 ലാണ് മന്ത്രാലയം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇതില്‍ വിശദമായ നിര്‍ദേശങ്ങള്‍ 2019ല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.

ഇതനുസരിച്ച്‌ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഹെല്‍മറ്റുകള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാര മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്‌ ഐഎസ്‌ഐ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും വേണം. നിയമ ലംഘകര്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്‌ട് അനുസരിച്ചുള്ള ശിക്ഷയാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ആരെങ്കിലും ഐഎസ്‌ഐ അംഗീകാരമില്ലാത്ത ഐഎസ്‌ഐ സ്റ്റിക്കര്‍ പതിച്ച ഹെല്‍മറ്റ് ഉപയോഗിച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം.

ഐഎസ്‌ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന, ഇറക്കുമതി, നിര്‍മ്മാണം, സൂക്ഷിക്കല്‍ എന്നിവ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. ഐഎസ്‌ഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സമാനമായതോ അല്ലെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഹെല്‍മറ്റുകള്‍ ഇറക്കുമതി ചെയ്യുന്ന കമ്ബനികളെയോ പുതിയ നിയമം ബാധിക്കും. മിക്ക അന്താരാഷ്ട്ര ഹെല്‍മറ്റ് ബ്രാന്‍ഡുകളും കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് പുറത്തിറക്കുന്നത്.