വിഴുങ്ങുന്ന പ്രായത്തെ അകറ്റി അഴകുള്ള മിഴികള്‍ സ്വന്തമാക്കാം

 വിഴുങ്ങുന്ന പ്രായത്തെ അകറ്റി അഴകുള്ള മിഴികള്‍ സ്വന്തമാക്കാം

പ്രായം കൂടുന്തോറും കണ്ണിനു ചുറ്റുമുള്ള ചുളിവുകള്‍ ഒരു വലിയ സൗന്ദര്യ പ്രശ്‌നം തന്നെയാണ്.  മോശം ജീവിതശൈലി, ഭക്ഷണശീലങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ അവയെ കൂടുതല്‍ വഷളാക്കും. നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള ചുളിവുകള്‍ കഠിനമാകാതിരിക്കാന്‍ എന്തുചെയ്യാനാകും

 

കാപ്പിപ്പൊടി, തേന്‍

കാപ്പിപ്പൊടി, കൊക്കോപ്പൊടി എന്നിവ രണ്ടിലും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും ഇത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് ആന്റിഓക്സിഡന്റുകള്‍ വലിച്ചെടുക്കുവാനും അതുവഴി, ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. കാപ്പിപ്പൊടിയും കൊക്കോപ്പൊടിയും തുല്യമായ അളവില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ മിശ്രിതം തയ്യാറാക്കുക. ഇത് കണ്ണുകള്‍ക്ക് താഴെയും മുഖത്തും പുരട്ടിയ ശേഷം, 15 മിനിറ്റ് നേരം വയ്ക്കുക. ശേഷം, മുഖം കഴുകി മൃദുവായ തുണി കൊണ്ട് നന്നായി തുടച്ച് വൃത്തിയാക്കുക. ഇത് എല്ലാ ദിവസവും ചെയ്താല്‍ കണ്ണുകളുടെ താഴെയുള്ള ചുളിവുകള്‍ ക്രമേണ ഇല്ലാതാകുന്നത് കാണാം.

 

വാഴപ്പഴം

വാഴപ്പഴത്തില്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവയില്‍ അടങ്ങിയിരിക്കുന്നതിനാല്‍, മുഖത്ത് ഒരു വാഴപ്പഴം അരച്ച് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ഈര്‍പ്പവും പോഷണവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. നേര്‍ത്ത കുഴമ്പ് പരുവത്തിലേക്ക് പഴുത്ത വാഴപ്പഴം ഉടച്ചെടുക്കുക. ഇത് പതുക്കെ കണ്ണുകള്‍ക്ക് ചുറ്റും തടവി 15 മിനിറ്റ് നേരം വയ്ക്കുക. ശേഷം, തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് ചെയ്യുന്നത് എല്ലാ ദിവസവും ആവര്‍ത്തിക്കുക.

 


വെളിച്ചെണ്ണ , മഞ്ഞള്‍ കൂട്ട്

വെളിച്ചെണ്ണയില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ചുളിവുകള്‍ അകറ്റിനിര്‍ത്താന്‍ ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തിക്കൊണ്ടാണ് ഈ ചര്‍മ്മ സംരക്ഷണ കൂട്ട് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം ചുളിവുകളിലും മുഖത്തും പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക. ശേഷം, വെള്ളം ഉപയോഗിച്ച് കഴുകുക. വെളിച്ചെണ്ണയ്ക്കൊപ്പം അല്‍പം ബദാം അല്ലെങ്കില്‍ ജമാന്തിപ്പൂ എണ്ണയും ഉപയോഗിക്കാവുന്നതാണ്. നിര്ബന്ധമില്ല. ഇത് ദിവസത്തില്‍ ഒരു തവണ ചെയ്യുക.

 

ഒലിവ എണ്ണ

കണ്ണിന്റെ താഴെയുള്ള ചുളിവുകള്‍ അകറ്റുവാനുള്ള ഏറ്റവും സൗമ്യമായ ഒറ്റമൂലിയാണ് ഒലിവ് എണ്ണ. ഇത് ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇ, കെ എന്നിവയും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായതിനാല്‍ ആണ് ഇത് ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നത്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉള്ള ഭാഗങ്ങളില്‍ കുറച്ച് ഒലിവ് എണ്ണ പുരട്ടുക. കണ്‍ തടങ്ങളിലും പുരട്ടാം. എണ്ണ ഉപയോഗിച്ച് ചര്‍മ്മത്തില്‍ മൃദുവായി മസാജ് ചെയ്ത് 10 മിനിറ്റ് നേരം വയ്ക്കുക. ശേഷം വെള്ളം ഒഴിച്ച് നന്നായി കഴുകിക്കളയുക. ഇത് ചെയ്യുന്നത് പതിവായി ആവര്‍ത്തിക്കുക.

 

തൈര്

ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡുകളുടെ (എഎച്ച്എ) സമ്പന്നമായ ഉറവിടമാണ് തൈര്. ഇത് നശിച്ച ചര്‍മ്മത്തെ പുറംതള്ളാനും ആരോഗ്യകരമായ പുതിയ ടിഷ്യുവിന്റെ വളര്‍ച്ചയെ ഉള്ളില്‍ നിന്ന് പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ മിനുസമാര്‍ന്നതും ചുളിവില്ലാത്തതുമായി നിലനിര്‍ത്തുന്നു. ഈ ഫെയ്‌സ് പായ്ക്ക് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു.ഒരു പാത്രത്തില്‍ ആവശ്യത്തിന് തൈര്, തേന്‍, കുറച്ച് റോസ് വാട്ടര്‍ എന്നിവ എടുത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കാം. ഈ മിശ്രിതം മുഖത്തും കണ്ണിനടിയിലും പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക. ശേഷം, തണുത്ത വെള്ളത്തില്‍ മുഖം കഴുകുക, മൃദുവായ തുണി കൊണ്ട് മുഖം തുടച്ച് വൃത്തിയാക്കുക. ഇത് ദിവസത്തില്‍ ഒരിക്കല്‍ ചെയ്യാം.

 

കറ്റാര്‍ വാഴ

ചുളിവുകള്‍ അകറ്റുന്നതിനും ചര്‍മ്മത്തിന്റെ മിനുസം പുനഃസ്ഥാപിക്കുന്നതിനും കറ്റാര്‍ വാഴയുടെ പോഷകഗുണങ്ങള്‍ വളരെ ഫലപ്രദമാണ്. വിറ്റാമിന്‍ ഇ, സി, ബീറ്റാ കരോട്ടിന്‍ എന്നിവയാല്‍ സമ്പന്നമായ ഇത് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെറുപ്പമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.കുറച്ച് കറ്റാര്‍ വാഴ നീര് എടുത്ത് ഇതിലേയ്ക്ക് കുറച്ച് കക്കിരിക്ക നീരും തൈരും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം. കണ്ണിനു കീഴിലും മുഖത്തും ഈ മിശ്രിതം പുരട്ടുക. അതിനു ശേഷം 10 മിനിറ്റ് നേരം സൗമ്യമായി മസാജ് ചെയ്യുക. ഇത് 20 മിനിറ്റ് വച്ചതിനു ശേഷം, വെള്ളത്തില്‍ കഴുകുക. ഇത് ദിവസത്തില്‍ ഒരിക്കല്‍ ചെയ്യുക.