ഇന്ന് ലോക പരിസ്ഥിതി ദിനം ; വായു മലിനീകരണത്തെ ചെറുക്കുക

 ഇന്ന് ലോക പരിസ്ഥിതി ദിനം ; വായു മലിനീകരണത്തെ ചെറുക്കുക

വായു മലിനീകരണത്തെ ചെറുക്കുക എന്ന മുദ്രാവാക്യത്തോടെ ഇന്ന് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. ആഗോളവത്കരണവും പരിസ്ഥിതിയെ തകിടം മറിക്കുന്ന വ്യാവസായങ്ങളും വിഭവചൂഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അട്ടിമറിക്കുന്നത് തുടരുകയാണ്. അതുകൊണ്ടുതന്നെ ഇന്ന് ജനങ്ങൾ നേരിടുന്ന ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്‌നമാണ് വായുമലിനീകരണം. അത് തടയാനാണ് ഇനി മനുഷ്യർ ശ്രമിക്കേണ്ടത്.

ഗാര്‍ഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള മലിനീകരണം മൂലം പത്തില്‍ 9 പേരും അശുദ്ധവായു ശ്വസിക്കുന്നു എന്നാണ് കണക്ക്.

ചൈനയിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ കാരണം മരിക്കുന്നത്. ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 15 നഗരങ്ങളില്‍ 14ഉം ഇന്ത്യയിലാണ്.രാജ്യത്തെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും ഉണ്ടാകുന്നതാകട്ടെ വാഹനങ്ങളില്‍ നിന്നും.ഡൽഹിനഗരങ്ങളില്‍ വായു മലിനീകരണം മനുഷ്യജീവിതത്തെ തന്നെ അട്ടിമറിക്കുന്ന തരത്തില്‍ ബാധ്യതയായി മാറി കഴിഞ്ഞു.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും അതുവഴി ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, എന്നിവ വഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.