കേരളത്തില്‍ കരാര്‍ കൃഷി നിയമം നടപ്പാക്കില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

കേരളത്തില്‍ കരാര്‍ കൃഷി നിയമം നടപ്പാക്കില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

കാര്‍ഷികമേഖലയെ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കൈയടക്കാന്‍ വഴിയൊരുക്കുന്ന കരാര്‍കൃഷി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം അറിയിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വന്‍കിട കുത്തകകളുടെ കൈയിലേക്ക് കൃഷിഭൂമി പൂര്‍ണമായി പോകുന്ന കരാര്‍ കൃഷിയോട് എല്‍ഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയമായും വിയോജിപ്പുണ്ട്. ഉല്‍പ്പാദനംമുതല്‍ ചെറുകിട വില്‍പ്പനവരെയുള്ള മുഴുവന്‍ മേഖലയും കോര്‍പറേറ്റുകളുടെ കൈപ്പിടിയിലെത്തിക്കുന്ന നയമാണിത്. കുടുംബശ്രീ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുടെ നേതൃത്വത്തില്‍ തരിശുഭൂമിയിലടക്കം കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റില്‍ ഉണ്ടായത്. കാലാവസ്ഥാവ്യതിയാനംമൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. 2016ല്‍ വരള്‍ച്ച ആയിരുന്നെങ്കില്‍ 2017ല്‍ ഓഖിയും 2018ല്‍ പ്രളയവും കേരളത്തെ ബാധിച്ചു. പ്രളയം വലിയ നഷ്ടമുണ്ടാക്കിയതിനാല്‍ കേന്ദ്ര പദ്ധതികളുടെ കേന്ദ്ര–സംസ്ഥാന വിഹിതത്തിന്റെ അനുപാതം നിലവിലെ 60:40 എന്നതുമാറ്റി 90:10 എന്നാക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കണം.

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പൂര്‍ണസഹായം ലഭിക്കുന്നില്ല. കാറ്റുവീഴ്ചമൂലം വാഴക്കൃഷി നശിക്കുന്നതും വെള്ളം കയറി നെല്ല് നശിക്കുന്നതും ഇന്‍ഷുറന്‍സ് പരിധിയിലില്ല. കര്‍ഷകര്‍ക്കുള്ള ഈടില്ലാത്ത ലോണ്‍പരിധി 1.6 ലക്ഷം രൂപയില്‍ നിന്ന് 3.25 ലക്ഷമാക്കുക, കാര്‍ഷികവരുമാനത്തില്‍ ജീവിക്കുന്നവര്‍ എടുക്കുന്ന വിവാഹ ലോണ്‍, വിദ്യാഭ്യാസ ലോണ്‍ എന്നിവയും കാര്‍ഷിക ലോണായി പരിഗണിക്കുക, സംസ്ഥാനങ്ങളിലെ ചെലവിന് ആനുപാതികമായി താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.