എന്ത് കൊണ്ട് സെമിയിൽ തോറ്റു? വിരാടിന് പറയാനുള്ളത് ഇതാണ്

എന്ത് കൊണ്ട് സെമിയിൽ തോറ്റു? വിരാടിന് പറയാനുള്ളത് ഇതാണ്

ലോകകപ്പ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ടീം ആദ്യ സെമിഫൈനലിൽ തോറ്റ് പുറത്തായിരിക്കുന്നു. വിരാട് കോഹ‍്‍ലിയും കൂട്ടരും സെമിയിൽ ന്യൂസിലൻറിനോട് പൊരുതിത്തോറ്റാണ് മടങ്ങുന്നത്. മത്സരത്തിൽ 18 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. യഥാർഥത്തിൽ ഇന്ത്യൻ തോൽവിക്ക് കാരണം എന്തായിരുന്നു ? വിരാട് കോഹ‍്‍ലിക്ക് അതിന് വ്യക്തമായ ഉത്തരമുണ്ട്. 45 മിനിറ്റ് നേരം കളിച്ച മോശം ക്രിക്കറ്റാണ് ഇന്ത്യയെ തോൽപ്പിച്ചതെന്ന് മത്സരശേഷം ഇന്ത്യൻ നായകൻ പറഞ്ഞു. ഈ ലോകകപ്പിൽ ഇന്ത്യ മികച്ച ക്രിക്കറ്റാണ് കളിച്ചത്. പക്ഷേ അൽപസമയത്തെ മോശം ക്രിക്കറ്റ് ഇന്ത്യയെ തോൽപ്പിച്ചു. സെമിഫൈനലിൽ പരാജയപ്പെട്ടതിൽ അതിയായ നിരാശയുണ്ടെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. 

"ആദ്യ പകുതിയിൽ ഞങ്ങളായിരുന്നു വിജയിച്ചത്. ന്യൂസിലൻറിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയപ്പോൾ വിജയിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ ന്യൂസിലൻറ് ബോളർമാർക്ക് മുന്നിൽ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ അല്ല സംഭവിച്ചത്. ഞങ്ങളുടെ ഷോട്ട് സെലക്ഷൻ മോശമായിരുന്നു. അത് മുതലെടുക്കാൻ അവരുടെ ബോളർമാർക്ക് സാധിച്ചു," കോഹ‍്‍ലി പറഞ്ഞു. 

സെമിയിൽ ന്യൂസിലൻറ് ധീരമായാണ് കളിച്ചത്. അവർ വിജയം അർഹിച്ചിരുന്നു. ടൂർണമെൻറിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തിൽ അഭിമാനമുണ്ട്. എല്ലായ്പ്പോഴും സപ്പോർട്ട് ചെയ്ത ആരാധകർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്ര ജഡേജയുടെ പോരാട്ടമികവ് അപാരമായിരുന്നുവെന്നും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച പ്രതിഭകളിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുൻ നിര ബാറ്റ്സ്മാൻമാർ തകർന്നതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമെന്നാണ് ഇന്ത്യൻ നായകൻ വ്യക്തമാക്കിയത്. 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 5 റൺസ് എടുക്കുന്നതിനിടെ മൂന്ന് പ്രധാന വിക്കറ്റുകൾ നഷ്ടമായിരുന്നു. രോഹിത്, രാഹുൽ, കോഹ്ലി, കാർത്തിക് എന്നിവരൊന്നും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.