ട്രയംഫിന്റെ 2019 സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍ ഇന്ത്യയില്‍

ട്രയംഫിന്റെ 2019 സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍ ഇന്ത്യയില്‍

2019 സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍ ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 7.45 ലക്ഷം രൂപ വിലയില്‍ നവീകരിച്ച ട്രയംഫ് സ്ട്രീറ്റ് ട്വിന്നും, 8.55 ലക്ഷം രൂപയ്ക്ക് പുതിയ സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളറുമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഇക്കുറി കാര്യമായ മെക്കാനിക്കല്‍ പരിഷ്‌കാരങ്ങളോടെയാണ് ഇരു ബൈക്കുകളടെയും രംഗപ്രവേശം. 900 സിസി 'ഹൈ ടോര്‍ഖ്' പാരലല്‍ ട്വിന്‍ എഞ്ചിനാണ് പുത്തന്‍ സ്ട്രീറ്റ് ട്വിന്നിലും സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളറിലും ഉള്ളത്.

65 bhp കരുത്തും 80 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ഇപ്പോള്‍ ശേഷിയുണ്ട്. മുന്‍മോഡലിനെ അപേക്ഷിച്ച് 10 bhp കൂടുതലാണിത്. ഇരു ബൈക്കുകളിലും അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. കരുത്തിനൊപ്പം മോഡലുകളുടെ ടോര്‍ഖ് ഉത്പാദനവും ഏറെ മെച്ചപ്പെട്ടു.

ട്രാക്ഷന്‍ കണ്‍ട്രോളും റോഡ് - റെയിന്‍ റൈഡിംഗ് മോഡുകളും ബൈക്കുകളുടെ പുതുവിശേഷങ്ങളാണ്. സസ്‌പെന്‍ഷനില്‍ ഇരു മോഡലുകളും സമാനത പുലര്‍ത്തുന്നു. കയാബ 41 mm ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും ബൈക്കുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രെമ്പോ നിര്‍മ്മിത യൂണിറ്റുകളാണ് ഇരു ബൈക്കുകളിലെയും ഡിസ്‌ക്ക് ബ്രേക്കുകള്‍.

ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇരട്ട ചാനല്‍ എബിഎസ്, റൈഡ് ബൈ വയര്‍, എല്‍സിഡി മള്‍ട്ടി ഫംങ്ഷന്‍ ഇന്‍സ്ട്രമെന്റ് പാക്ക്, ഹീറ്റഡ് ഗ്രിപ്പുകള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട്, എഞ്ചിന്‍ ഇമൊബിലൈസര്‍, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയവ 2019 സ്ട്രീറ്റ് ട്വിന്‍, സ്‌ക്രാമ്പ്‌ളര്‍ ബൈക്കുകളുടെ വിശേഷങ്ങളില്‍പ്പെടും. ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം ഇരു ബൈക്കുകളിലും ഓപ്ഷനല്‍ എക്‌സട്രാ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കാം.

രൂപഭാവത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും സ്ട്രീറ്റ് ട്വിന്‍, സ്‌ക്രാമ്പ്‌ളര്‍ മോഡലുകളില്‍ വന്നിട്ടില്ല.  ഇരു ബൈക്കുകളിലും സൈഡ് പാനലുകള്‍ കമ്പനി പരിഷ്‌കരിച്ചു. പുതിയ ഗ്രാഫിക്സും എടുത്തു പറയേണ്ട വിശേഷണമാണ്. ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ ഐക്കണാണ് ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍ മോഡലുകളുടെ മുഖ്യ എതിരാളി.