കംപ്ലീറ്റ് നാച്ചുറല്‍: പാളത്തൊപ്പി മുതല്‍ പരമ്പരാഗത ഉല്‍പ്പന്നങ്ങളുമായി ആമസോണ്‍

കംപ്ലീറ്റ് നാച്ചുറല്‍: പാളത്തൊപ്പി മുതല്‍ പരമ്പരാഗത ഉല്‍പ്പന്നങ്ങളുമായി ആമസോണ്‍

ഉപ്പു മുതല്‍ കര്‍പ്പൂരം വരം വിരല്‍ത്തുമ്പില്‍ എത്തുന്ന കാലമാണിത്. വിപണിയില്‍ എത്തുന്ന പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പോലെ തന്നെ ഗൃഹാതുരത്വം നിലനിര്‍ത്തുന്നവയും ഇന്ന് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഒരു പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ വിപണിയിലെ ഭീമനായ ആമസോണ്‍. സംസ്ഥാനത്തെ ആദിവാസി സംരംഭകരുടെ തനതായ ഉല്‍പ്പന്നങ്ങളാണ് സൈറ്റിലൂടെ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, പാളത്തൊപ്പി, കുട്ടികള്‍ക്കുള്ള ബാഗുകള്‍ എന്നിവ ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തും. കേരള സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു ചുവടുവയ്പ്പ്. ‘ഗദ്ദിക’ എന്ന ബ്രാന്‍ഡിലാണ് ഉല്‍പന്നങ്ങള്‍ ആമസോണിലുള്ളത്. പട്ടികവര്‍ഗ, പട്ടികജാതി സംരംഭകര്‍ക്ക് വിപണി കണ്ടെത്തുക. മികച്ച വരുമാനം ഉറപ്പാക്കാക എന്നിവയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുട്ടുകുറ്റിയും പാളത്തൊപ്പി, ബെഡ് ലാമ്പ്, കൂജ, വാട്ടര്‍ ബോട്ടില്‍, വിശറി, കുട്ട, ലൈറ്റ് ഹോള്‍ഡര്‍, ബാഗുകള്‍ എന്നിവയും ഗദ്ദികയിലൂടെ ലഭ്യമാണ്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികള്‍ എന്നിവ ഉപയോഗിച്ചാണ് മിക്കതും നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ 50ലധികം ഉല്‍പന്നങ്ങള്‍ ആമസോണിലുണ്ട്. 200 ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസുരക്ഷ ലൈസന്‍സ് കൂടെ ലഭിച്ചാല്‍ വയനാടന്‍ മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയും ഉടന്‍ ആമസോണ്‍ വഴി വിറ്റഴിക്കും.