ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ; ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളിയുടെ പുതിയ ചിത്രം പുറത്തു വന്നു

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ; ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളിയുടെ പുതിയ ചിത്രം പുറത്തു വന്നു

 രാജ്യം തിരയുന്ന ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ചിത്രം വാർത്ത മാധ്യമം സി ന്യൂസ് പുറത്തുവിട്ടതോടെ പാക്കിസ്ഥാന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന് വ്യാഴാഴ്ച പാക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ദാവൂദിന്റെ ഏറ്റവും അടുത്ത അനുയായിയാണ്‌ ജാബിര്‍ മോട്ടിവാല. ഡി കമ്പനിയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ജാബിറാണ്. ജാബിര്‍ മോട്ടിവാലയുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 25 വര്‍ഷമായി ദാവൂദ് ഒളിവിലാണ്. ഈ ചിത്രം ഇപ്പോൾ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.

ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന വിവരം ജാബിറിന്റെ നാടുകടത്തല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് അറ്റോര്‍ണി ജനറല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ക്ലീന്‍ ഷേവ് ചെയ്ത ദാവൂദിന്റെ ചിത്രമാണ് ഇപ്പോള്‍ ലഭിച്ചത്. ദാവൂദ് രോഗബാധിതനാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തികച്ചും ആരോഗ്യവാനായാണ് ദാവൂദ് കാണപ്പെടുന്നത്. കാല്‍മുട്ടിനു കഠിനമായ പ്രശ്‌നങ്ങള്‍ ദാവൂദ് നേരിടുന്നുണ്ടെന്നായിരുന്നു മുമ്പ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നത്.