രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശമുണ്ട്; സീതാറാം യെച്ചൂരിക്ക് സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ കശ്മീരില്‍ പോകാമെന്ന് സുപ്രീം കോടതി, നിബന്ധനകള്‍ ഇങ്ങനെ

രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശമുണ്ട്; സീതാറാം യെച്ചൂരിക്ക് സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ കശ്മീരില്‍ പോകാമെന്ന് സുപ്രീം കോടതി, നിബന്ധനകള്‍ ഇങ്ങനെ

ജമ്മു കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. അതേസമയം രാഷ്ട്രീയ സന്ദര്‍ശനം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സുഹൃത്തിനെ കാണുന്നതിലുപരി മറ്റെന്തെങ്കിലും പ്രവര്‍ത്തനമോ രാഷ്ട്രീയ ഇടപെടലോ നടത്തിയാല്‍ അത് കോടതി അലക്ഷ്യമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരില്‍ മാതാപിതാക്കളെ കാണാന്‍ പോകണമെന്ന് ആവശ്യപ്പെട്ട മറ്റൊരു ഹര്‍ജിക്കാരന്‍ മൊഹമ്മദ് അലീം സയിദിനും കോടതി അനുമതി നല്‍കി. സയീദിന് പോലീസ് സംരക്ഷണം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു മുതല്‍ എംഎല്‍എയായ തരിഗാമി വീട്ടുതടങ്കലിലാണ്. ഈ സാഹചര്യത്തിലാണ് യെച്ചൂരി ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്. രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ല. ഇന്ത്യയില്‍ ആര്‍ക്കും എവിടെയും പോയി ആരെയും കാണാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. താരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.
തരിഗാമിയെ കാണുക എന്നതല്ലാതെ മറ്റൊന്നും പാടില്ല. സന്ദര്‍ശനം രാഷ്ട്രീയ ഉദ്ദ്യേശത്തോടെ ആകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.