'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്' കഴിക്കാറുണ്ടോ?

'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്' കഴിക്കാറുണ്ടോ?

വിശപ്പിനെ എളുപ്പത്തില്‍ ശമിപ്പിക്കാമെന്ന സൗകര്യമാണ് പലപ്പോഴും 'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്' കഴിക്കാനായി തെരഞ്ഞെടുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത് പതിവായി കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമോ? എപ്പോഴെങ്കിലും ഇക്കാര്യം ചിന്തിച്ചിട്ടുണ്ടോ? 

എന്നാല്‍ അത് ചിന്തിക്കാനുള്ള സമയമായിരിക്കുന്നുവെന്നാണ് പുതിയൊരു പഠനം ഓര്‍മ്മിപ്പിക്കുന്നത്. കാരണം, 'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്' അല്‍പം അപകടകാരിയാണെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ബ്രാഡെന്‍ ക്യുവോ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 

സാധാരണഗതിയില്‍ വീട്ടിലുണ്ടാക്കുന്ന ന്യൂഡില്‍സ് ദഹിക്കാന്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയമാണ് എടുക്കുക. എന്നാല്‍ 'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്' ദഹിക്കണമെങ്കില്‍ മണിക്കൂറുകളോളം എടുക്കുമത്രേ. ഇത് ക്രമേണ കുടല്‍ ഉള്‍പ്പെടെയുള്ള ദഹനാവയവങ്ങളെ പ്രതികൂലമായി ബാധിച്ച് തുടങ്ങും. 

ഇതില്‍ ചേര്‍ക്കുന്ന ഒരു പ്രിസര്‍വേറ്റീവാണ് ഈ പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് പഠനം വാദിക്കുന്നത്. 'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്' സ്ഥിരമായി കഴിക്കുന്നത് വയറ്റിനകത്ത് ക്യാന്‍സര്‍ വരെയുണ്ടാക്കാന്‍ കാരണമാകുമെന്നാണ് യുഎസ് 'ഫുഡ് ആന്റ് ഡ്രഗ് അഡിമിനിസ്‌ട്രേഷന്‍' പറയുന്നത്. TBHQ എന്ന പ്രിസര്‍വേറ്റീവാണ് ഇത്തരത്തിലുള്ള മാരകമായ അസുഖങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു. 

കഴിയുന്നതും 'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്' കഴിക്കാതിരിക്കുകയാണ് വേണ്ടതെന്നും ന്യൂഡില്‍സ് കഴിക്കണമെന്ന് നിര്‍ബന്ധമുള്ളപ്പോള്‍ വാങ്ങി വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കാമെന്നും പഠനത്തില്‍ പങ്കെടുത്ത ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.