രഹാനയെ നായകസ്ഥാനത്ത് നിന്നും പുറത്താക്കി, പകരം സര്‍പ്രൈസ് താരം

രഹാനയെ നായകസ്ഥാനത്ത് നിന്നും പുറത്താക്കി, പകരം സര്‍പ്രൈസ് താരം

ഐപിഎല്ലില്‍ ദയനീയ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ നിര്‍ണായക മാറ്റം. നായക സ്ഥാനത്ത് നിന്നും ഇന്ത്യന്‍ താരം രാഹാനയെ മാറ്റി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ നിയമിച്ചു. ലീഗില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ സ്മിത്തായിരിക്കും രാജസ്ഥാനെ നയിക്കുക.

രാജസ്ഥാന്‍ റോയല്‍സിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് സുബിന്‍ ബറൂക്കയാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍സി നഷ്ടമായെങ്കിലും രഹാനെ രാജസ്ഥാന്‍ ടീമിനൊപ്പം തുടരും.

ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരം മുതലാകും സ്റ്റീവ് സ്മിത്തിന്റെ കീഴില്‍ രാജസ്ഥാന്‍ കളിക്കുക. ലീഗില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ തുടര്‍ന്നുളള മത്സരമെല്ലാം രാജസ്ഥാന് ജയിക്കേണ്ടതുണ്ട്.

നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ആറ് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍.