റിയൽമിയുടെ പേരിൽ വ്യാജൻ !

റിയൽമിയുടെ പേരിൽ വ്യാജൻ !

കുറഞ്ഞ വിലയിൽ മികച്ച ഫോൺ എന്ന സങ്കൽപ്പത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിയാണ് റിയൽമി .ഇന്ത്യൻ വിപണിയിലടക്കം ഇന്ന് ശക്തമായ സാന്നിധ്യമാണ് ഈ കമ്പനി. എന്നാല്‍ റിയൽമിയുടെ പേരിൽ ഒരു വ്യാജ വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫ്രാഞ്ചൈസി പാർട്ട്ണർഷിപ്പ് ആവശ്യപ്പെടുന്ന ഈ വ്യാജ സൈറ്റിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിയൽമി അധിൃതർ വ്യക്തമാക്കി.

www.realmepartner.in എന്ന പേരിലാണ്  ഒരു വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടത്. ഈ വെബ്‌സൈറ്റ് റിയൽ‌മി ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ അല്ലെന്ന് കമ്പനി വ്യക്തമാക്കി. ഈ വെബ്‌സൈറ്റ് വഴി ബിസിനസ്സ് ചെയ്യുന്ന ആളുകൾക്കുണ്ടാകുന്ന യാതൊരുവിധ നഷ്ടങ്ങൾക്കും റിയൽമി ഉത്തരവാദിയായിരിക്കില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ വഴി സാമ്പത്തിക തട്ടപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ കമ്പനി അതീവ ജാഗ്രതയിലാനിന്നുമ റിയല്‍മി വ്യക്തമാക്കുന്നു.

റിയൽമിയുടെ പേരുപയോഗിച്ച് ബഡ്സ്, കണക്റ്ററുകൾ, വയറുകൾ തുടങ്ങിയ വ്യാജ ഉൽപ്പന്നങ്ങൾ ആളുകൾ വിൽക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. അവർക്കെതിരെ കമ്പനി ഗുരുതരമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. റിയൽമിയുടെ എല്ലാ ഉൽപ്പന്നങ്ങളും അടങ്ങുന്ന പോർട്ട്‌ഫോളിയോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഒറിജിനൽ എക്യുപ്പ്മെന്റ് മാനുഫാക്ച്ചറായ (ഒഇഎം) റിയൽമി നിലവിൽ അതിന്റെ ഉത്പന്നങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ www.realme.com വഴിയും മറ്റ് ഓൺലൈൻ പാർട്ട്ണർമാർ വഴിയും വിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കമ്പനി ഇന്ത്യയിൽ പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ റിയൽമി സി3 അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി 14 മുതൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാകും.

2019ന്റെ നാലാം പാദത്തിൽ റിയൽമി കയറ്റുമതിയിൽ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ അവസരത്തിലാണ് കമ്പനിയുടെ ഏറ്റവും ജനപ്രീയ സീരിസുകളിലൊന്നായ സി സീരിസിലെ പുതിയ സ്മാർട്ട്ഫോണായ സി3 കമ്പനി അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ റിയൽമിയുടെ മുഖ്യ എതിരാളിയായ റെഡ്മിയെ തറപറ്റിക്കുക കൂടി സി3യിലൂടെ കമ്പനി കണക്ക് കൂട്ടുന്നുണ്ട്.

റെഡ്മി ഇന്ത്യയുടെ സിഇഒ റിയൽമിയെ കോപ്പിക്യാറ്റ് ബ്രാന്റ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരിൽ ഇരു കമ്പനിയുടെയും ഇന്ത്യയിലെ സിഇഒമാർ സോഷ്യൽ മീഡിയയിൽ വൻ വാക്പോര് നടന്നിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിപണികളിലൊന്നായ ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാനുള്ള മത്സരത്തിലാണ് ഇരു കമ്പനികളും എന്ന കാര്യത്തിൽ തർക്കമില്ല.