കേന്ദ്രബന്ധം മെച്ചപ്പെടുത്താന്‍ പ്രതിനിധിയെ നിയമിക്കും; പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

കേന്ദ്രബന്ധം മെച്ചപ്പെടുത്താന്‍ പ്രതിനിധിയെ നിയമിക്കും; പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

 കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പദ്ധതികളുടെ നടത്തിപ്പ് വേഗമാക്കുന്നതിന്റെയും ഭാഗമായി പ്രത്യേക പ്രതിനിധിയെ നിയമിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഇത് രാഷ്ട്രീയ നിയമനം ആയിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. സിപിഎം മുന്‍ എംപിമാരായ കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത് എന്നിവരെയാണ് ഈ തസ്തികയിലേക്കു പരിഗണിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ നടക്കും. ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക പ്രതിനിധിയുടെ പ്രവര്‍ത്തനം.

ദേശീയപാത വികസനം ഉള്‍പ്പെടെ നിലവില്‍ പല കേന്ദ്ര പദ്ധതികളും വൈകുന്നതത് ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണെന്ന സര്‍ക്കാര്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണിത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരാളെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കുന്നതു ഗുണം ചെയ്യുമെന്ന നിഗമനത്തിലാണു പുതിയ നീക്കം നടത്തുന്നത്.